കോഴിക്കോട്: സര്‍ക്കാരിനെ പൊലീസ് അട്ടിമിറിക്കാന്‍ ശ്രമിച്ചുവെന്ന മുന്‍ നിലപാടുകളില്‍ താന്‍ ഉറച്ചു നില്ക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
താന്‍ മുമ്പ് ഏതെങ്കിലും പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മന്ത്രിമാരുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.
അല്ലാതെ ഫോണ്‍ രേഖകള്‍ ഒരിക്കലും പുറത്തു വരില്ല. ടി.പി വധക്കേസില്‍ വന്‍ സ്രാവുകള്‍ പുറത്താണെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉന്നത സി.പി.എം നേതാക്കള്‍ പ്രതികളാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
ടി.പി വധക്കേസിലെ അന്വേഷണ സംഘത്തോട് കേസ് സംബന്ധിച്ച് താന്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. കേസിലെ പ്രതികളുടെ പേര് താന്‍ പറഞ്ഞിട്ടില്ല. അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്.
എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ പരാമര്‍ശം മാനസികപ്രയാസമുണ്ടാക്കി. പരാര്‍മശത്തെ കുറിച്ച് അദ്ദേഹം ഇന്നലെ വിശദീകരിച്ചു. അതില്‍ തൃപ്തിയുണ്ട്. ഇനി ഒരു വിവാദത്തിനില്ല. തിരുവഞ്ചൂരിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: