തായ്കുലമെന്നാല്‍ തന്റേടമാണ്. ജീവിക്കാനവകാശമുണ്ടെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും വിളിച്ചുപറയാനും എതിര്‍പ്പുകള്‍ വന്നാല്‍ ചെറുത്തു നില്ക്കാനുമുള്ള തന്റേടം. പറയുന്നത് അട്ടപ്പാടിയിലെ തായ്കുല സംഘത്തിന്റെ സാരഥികള്‍.
അട്ടപ്പാടിയിലെ ആദിവാസി പെണ്‍കൂട്ടായ്മയാണ് തായ്കുലസംഘം. ഒരു സംഘടനയുടെ നിയതമായ ചട്ടക്കൂടില്‍ പണിതെടുത്തതല്ല ഈ പ്രസ്ഥാനം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ഒരു ജൈവപ്രക്രിയ പോലെ പിറവിയെടുത്തതാണ് ഈ സംഘശക്തി. അട്ടപ്പാടിയുടെ ഊരുകളിലെ അടക്കിപ്പിടിച്ച തേങ്ങലുകളിലും വേദനകളിലുമാണ് തായ്കുലത്തിന്റെ വേരുകള്‍ കണ്ടെത്താനാവുക. വിധിയെന്ന് പഴിച്ച്, സ്വയം ശപിച്ച് ഊരുകളിലെ ഇരുട്ട് മൂലകളില്‍ ഉരുകിത്തീരുകയല്ല വേണ്ടതെന്ന പെണ്ണറിവില്‍ നിന്ന് തായ്കുലം പിറവിയെടുത്തു. മദ്യം നിരോധിച്ച മണ്ണില്‍ വാറ്റുചാരായത്തിന്റെ തീഷ്ണഗന്ധത്തില്‍ കവര്‍ന്നെടുക്കപ്പെടുന്ന മാനത്തിനും മണ്ണിനും വിലയുണ്ടെന്നും അതിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന പരമ്പരാഗതമായ അറിവകളെ ഊതിയുണര്‍ത്തിക്കൊണ്ടാണ് തായ്കുലം അതിന്റെ ആത്മാവിനെ സൃഷ്ടിച്ചത്.
ഊരുകളിലെത്തുന്ന മദ്യ കച്ചവടക്കാരെയും മറുനാട്ടുകാരെയും ആട്ടിപ്പായിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പെണ്ണിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഊരുകളില്‍ പത്തംഗ കമ്മിറ്റികളും അതിനൊരു തലൈവിയും. തലൈവികള്‍ തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയും. ഒമ്പതംഗ കേന്ദ്ര കമ്മിറ്റി തായ്കുലത്തിന്റെ തായ്വേരാണ്.
ജനാധിപത്യ സങ്കല്പങ്ങളുടെ നിര്‍വ്വചനങ്ങളും നിര്‍വ്വഹണങ്ങളും എന്തൊക്കെയെന്ന് പഠിപ്പിക്കാന്‍ ആരും അവിടേക്ക് ചെല്ലേണ്ട. അവര്‍ സ്വയം രൂപപ്പെടുത്തിയ പ്രവര്‍ത്തനരീതികളെന്തെങ്കിലും പഠിക്കണമെങ്കില്‍ അവിടേക്ക് ചെല്ലാം. 187 ഊരുകളില്‍ തായ്കുലസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് പറയാനാവില്ല; ശക്തമെന്നും. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഊരുകളിലെ വാറ്റുചാരായത്തിന്റെ ഗന്ധമകറ്റാന്, കയ്യേറ്റത്തിന് വരുന്നവന്റെ ആര്‍ത്തികള്‍ക്ക് അവസാനം കുറിക്കാന്‍ അവര്‍ പൊരുതി നില്ക്കുന്നു.
2002ലാണ് തായ്കുല സംഘം രൂപപ്പെടുന്നത്. 2007ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. “സാമ്പത്തികമാണ് ഞങ്ങളുടെ പ്രധാന പ്രശ്നം. ഓരോ ഊരുകളിലും ചെല്ലുമ്പോഴും എന്തെങ്കിലും പ്രശ്നം കാണും. അതില്‍ ഇടപെടണമെങ്കില്‍ പണം വേണം. പണമില്ലെന്ന് കരുതി ഞങ്ങള്‍ ആരുടെയും മുന്നില്‍ കൈനീട്ടില്ല.
പണവും ഞങ്ങള്‍ തന്നെ ഉണ്ടാക്കും. വീട്ടില്‍ നിന്നുതന്നെ ചോദ്യമുയരുന്നുണ്ട്. ‘നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ അമ്മേ’ എന്ന ചോദ്യം. എന്നാലും ഞങ്ങള്‍ തളരില്ല. ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കണം.” തായ്കുല സംഘത്തിന്റെ പ്രസിഡന്റ് ഭഗവതി രംഗന് പറയുന്നു. ‘ആരും സഹായിത്തിനില്ലെന്നല്ല പറയുന്നത്. ഉഷ, അങ്ങിനെയൊരു സ്ത്രീ (പി.ഇ. ഉഷ അഹാഡ്സില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ആയി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നു.) ഉലകത്തില്‍ വേറെ ഇല്ല. അവരാണ് ഞങ്ങള്‍ക്ക് ശക്തി തന്നത്. പിന്നെ വിവേകാനന്ദ മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍. എന്ത് പ്രശ്നമുണ്ടായാലും ക്യാമ്പ് നടത്താനും (മെഡിക്കല്‍ ക്യാമ്പ്) മറ്റുമൊക്കെ അവരുടെ സഹായമുണ്ട്. ഞങ്ങളെ നന്നാക്കാന്‍ ഇനി എന്‍ജിഒകളും വേണ്ട’ ഭഗവതിരംഗന്‍ പറയുന്നു. മദ്യമാണ് അട്ടപ്പാടിയെ തകര്‍ക്കുന്ന ഒരു ഘടകം എന്നത് തായ്കുല സംഘം ഉറപ്പിച്ചു പറയുന്നു. വ്യാജവാറ്റു മുതലാളിമാര്‍ ഊരുകളിലെ സ്വൈര്യം കെടുത്തുന്നു. പുതിയ ജീവിതശൈലികളും ഊരുകളില്‍ പുതിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുവെന്ന് ഭഗവതി പറയുന്നു. “ഇപ്പോള്‍ എല്ലാവര്ക്കും മൊബെയില്‍ ഫോണാണ്. പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ച് സംസാരിച്ച് സ്നേഹിച്ചവരുടെ കൂടെ പോകുന്നു. അതില്‍ പുറത്തുപോയവരുമുണ്ട്. ഞങ്ങളുടെ ഇടയില്‍ അവിവാഹിതരായ അമ്മമാരില്ല. പലരെയും ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്.”
ആദിവാസികളെന്താ ഇപ്പോഴുമിങ്ങനെ, ഇത്രയൊക്കെ സംവരണവും പദ്ധതികളുമുണ്ടായിട്ടും എന്നു പുരികം ചുളിക്കുന്നവര്‍ക്ക് അനുഭവത്തിന്റെ തീച്ചൂടുള്ള മറുപടിയുണ്ടിവര്‍ക്ക്. “അട്ടപ്പാടിയിലേക്കും ആദിവാസി ഊരുകളുള്ളിടങ്ങളിലേക്കെല്ലാം പണവും പദ്ധതികളും മാറ്റിവെച്ചിട്ടുണ്ടാവും. കോടികള്‍ ഒഴുകിയിട്ടുണ്ടാവും. എന്നാലതൊന്നും അവിടെയെത്തിയിട്ടില്ല. ഞങ്ങള്‍ക്കവകാശപ്പെട്ടതെന്താണെന്നുപോലും ഞങ്ങള്‍ക്കറിയില്ല. അംഗനവാടികളും ആശുപത്രികളും ഒന്നും ഞങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ഞങ്ങളുടെ കൃഷിരീതികള്‍ പോലും കൈവിട്ടു പോയി. കുട്ടികള്‍ക്കുള്ള പോഷകാഹാരമായ അമൃതം പൊടി കൂടുതല്‍ പാലു കിട്ടാന്‍ പശുക്കള്‍ക്ക് കലക്കിക്കൊടുക്കുകയാണ്. ഞങ്ങളുടെ കുട്ടികള്‍ മരിച്ചുവീഴുകയും.” തായ്കുല സംഘം സെക്രട്ടറി മരുതി പറയുന്നു. 1976ല്‍ നിലവില്‍ വന്ന ഐ.ടി.ഡി.പി.യും (സംയോജിത ആദിവാസി വികസനപദ്ധതി)യും 78ല്‍ ആരംഭിച്ച ഐസിഡിഎസും, പറയാനേറെ പദ്ധതികളുണ്ടെങ്കിലും 2013ലും അട്ടപ്പാടിയില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. മന്ത്രിമാരും നേതാക്കളും പഠനസംഘങ്ങളും വന്നുകൊണ്ടിരിക്കുന്നു. തായ്കുല സംഘത്തിലെ ഭഗവതി രംഗനും കാളിയും മരുതിയും ചിരിക്കുകയാണ്. കാറ്റില്‍ തൂറ്റാനിറങ്ങിയവരുടെ കാപട്യത്തിന്റെ ആഴം അളന്നെടുത്ത ചിരി. എന്നാല്‍ അവരുടെ കണ്ണില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവുന്നത് നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കമാണ്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: