കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സീരിയല്‍ നടി ശാലു മേനോനെ കസ്റ്റഡിയിലെടുത്ത ശേഷം വീട്ടില്‍ നിന്ന് സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ച സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. അവരെ കാറില്‍ തിരുവനന്തപുരത്ത് എത്തിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാലുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നും അറസ്റ്റു ചെയ്തത് പിന്നീടാണെന്നും അദ്ദേഹം വിശദീകരിച്ചു.
ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് ശാലുവിനെ കൊണ്ടുപോയത്. ചോദ്യം ചെയ്യുന്ന ആളിനെ പ്രതിയായി കണക്കിലെടുക്കാനാകില്ല. ശാലു കേസില്‍ പ്രതിയായ ശേഷം ആ നിലയിലാണ് പോലീസ് അവരെ കൈകാര്യം ചെയ്തത്. ആര്‍ക്കും വിഐപി പരിഗണന നല്‍കിയിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നത്. അന്വേഷണത്തില്‍ ഇതുവരെ സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ല. കുറ്റം ചെയ്തവര്‍ ആരായാലും ചെയ്ത കുറ്റത്തിന് നിയമത്തിന് മുന്നില്‍ സമാധാനം പറയേണ്ടിവരും. നിയമം നിയമത്തിന്റെ വഴിക്കു പോകും. സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളെ 2010ലും സമാനമായ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ വെറും സിവില്‍ കേസായി എഴുതി തള്ളുകയായിരുന്നു. എന്നാലിപ്പോള്‍ ഈ സര്‍ക്കാര്‍ ക്രിമിനല്‍ കേസ് തന്നെയാണ് എടുത്തിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
താനും ആഭ്യന്തര മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. മുഖ്യമന്ത്രി മന്ത്രിമാരും ഉദ്യോഗസ്ഥരുമായും പലപ്പോഴും ചര്‍ച്ച നടത്താറുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. വികസനവും കരുതലുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഓണം അടുത്ത് വരികയാണ്. വിലക്കയറ്റം തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കും.
വിപണിയിലുള്ള വിലക്കയറ്റം മുതലെടുക്കാനുള്ള ശ്രമങ്ങളെ കര്‍ശനമായി ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: