മാവേലിക്കര: നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് അറിയിച്ചിനെ തുടര്‍ന്ന് സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. ഇന്നലെ രാവിലെ പത്തോടെയാണ് ബിജുവിനെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഹൃദ്രോഗ വിദഗ്ധന്‍ പരിശോധന നടത്തിയശേഷം പതിനൊന്നരയോടെ തിരികെ കൊണ്ടുപോയി.
സോളാര്‍ കേസ് അന്വേഷണ സംഘത്തില്‍ പെട്ട ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നതിനായി വെണ്മണി സ്റ്റേഷനിലാണ് ബിജുവിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നുമാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ വെണ്മണി സ്റ്റേഷനില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ചെങ്ങന്നൂര്‍, മാവേലിക്കര സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കാതെ 13 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് വിവാദമായി.
ഇതേതുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മടങ്ങി. ബിജുവിനെ ആശുപത്രിയില്‍ നിന്നും തിരികെ പോലീസ് വാഹനത്തിലേക്ക് കയറ്റുവാന്‍ ശ്രമിക്കവെ ഫോട്ടോ എടുക്കുവാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റിയാണ് പോലീസ് ബിജുവിനെ കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: