തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തുടങ്ങിയിരിക്കുകയാണെന്നും മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോണ്‍ഗ്രസിലെ മറ്റ് മന്ത്രിമാരുടെയും നേതാക്കളുടെയും ഫോണ്‍വിവരം ചോര്‍ത്തി നല്‍കിയത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കൂടെ നില്‍ക്കാത്ത നേതാക്കളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഫോണില്‍ ബന്ധപ്പെട്ട ആരൊക്കെ കുറ്റകൃത്യത്തിന് കൂട്ടുനിന്നു, മുഖ്യമന്ത്രിയും തട്ടിപ്പുസംഘവുമായുള്ള ബന്ധമെന്ത്, തട്ടിപ്പുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചോ, ഇതിന് ആഭ്യന്ത്രമന്ത്രി കൂട്ടുനിന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇതിനുപകരം പുകമറ സൃഷ്ടിച്ച് കേസ് അട്ടിമറിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോള്‍ ഫോണ്‍ എന്തിനു വിളിച്ചു എന്നത് അന്വേഷിക്കേണ്ടതിനു പകരം വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന അന്വേഷണമാണ് നടക്കുന്നത്. വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിച്ച മാധ്യമപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും പ്രതികാര നടപടിക്ക് വിധേയരാക്കാനുള്ള ശ്രമം നടക്കുന്നു.
സരിത പിടിയിലാവുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് ആഭ്യന്തര മന്ത്രിയെ വിളിക്കുന്നത്. മിസ്ഡ് കോള്‍ കണ്ടതുകൊണ്ടാണ് തിരിച്ചുവിളിച്ചതെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. എല്ലാ മിസ്ഡ് കോളിനും മന്ത്രി തിരിച്ചുവിളിക്കാറുണ്ടോ. വെറും മിസ്ഡ് കോള്‍ ആണെങ്കില്‍ മന്ത്രിയുടെ പിഎസ് പിന്നീട് എന്തിന് അങ്ങോട്ടുമിങ്ങോട്ടും ഫോണില്‍ സരിതയെ ബന്ധപ്പെടണം. തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവല്ലേ ഇത്. ഇപ്പോള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയുന്ന തരത്തിലുള്ളവയാണ്. ആഭ്യന്തരമന്ത്രി നേരിട്ട് അന്വേഷണത്തെ നിയന്ത്രിക്കുകയാണ്. ഇല്ലെങ്കില്‍ ശാലുമേനോന്റെ പാലുകാച്ചല്‍ ഫോട്ടോകള്‍ പുറത്തുവരുന്നതിന് മുമ്പ് താന്‍ ഫോട്ടോകള്‍ കണ്ടിരുന്നുവെന്ന് പറഞ്ഞതെങ്ങനെയാണ്. ശാലുമേനോന്റെ വീട്ടില്‍ പൊതുപ്രവര്‍ത്തകര്‍ പോയതില്‍ തെറ്റില്ല. താനും ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ പോയിട്ടുണ്ട്. താന്‍ അത് ഒരിടത്തു നിഷേധിക്കാനോ മറച്ചുവയ്ക്കാനോ ശ്രമിച്ചിട്ടില്ല. പക്ഷേ ആഭ്യന്തരമന്ത്രി അത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനാണ്? ശാലുമേനോന് കുറ്റകൃത്യത്തില്‍ ഏല്പ്പെട്ടിട്ടുണ്ടെന്ന് തെളിവുകളുള്ള സാഹചര്യത്തിലും അവരെ അറസ്റ്റുചെയ്യാന്‍ വൈകിയതെന്തെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെഓഫീസിലെ നാലുപേര്‍ക്ക് തട്ടിപ്പുസംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനോ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്കുകളും പരിശോധിക്കാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എഡിജിപിക്ക് അതിന് സാധിക്കില്ല. സര്‍ക്കാരും ആഭ്യന്ത്രമന്ത്രിയും നല്കുന്ന നിര്ദ്ദേശത്തിലേ പ്രവര്‍ത്തിക്കാനാവൂ.
അതുകൊണ്ടാണ് കേന്ദ്രഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറ്റകൃത്യങ്ങള്‍ പുറത്തുവരില്ല. ശുപാര്‍ശ നല്‍കാമെന്നേയുള്ളു. ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. കോടതിയുടെ മേല്‍നോട്ടത്തിലുള്ള കേന്ദ്രഏജന്‍സിയുടെ അന്വേഷണത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്ന് നേരിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ അപ്രമാദിത്യത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ് നാണമില്ലാതെ ഒരിക്കല്‍ കൂടി അടിയറവു പറഞ്ഞിരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു. ലീഗിന്റെ അപ്രമാദിത്വത്തിനും സമാന്തര ഭരണത്തിനുമെതിരെ പ്രതികരിച്ച കെപിസിസി പ്രസിഡന്റും മുന്‍ കെപിസിസി പ്രസിന്റുമൊക്കെ ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണ്. ലീഗിനോട് ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. ചര്‍ച്ച നടത്തിയാല്‍ സികെജി പറഞ്ഞ അഭിപ്രായം മാറുമോയെന്ന് വ്യക്തമാക്കണം. അഞ്ചാം മന്ത്രി വിഷയത്തിലും മറ്റ് വിഷയങ്ങളിലും സ്വീകരിച്ച നട്ടെല്ലില്ലാത്ത, നാണംകെട്ട നിലപാട് കോണ്‍ഗ്രസ്സ് വീണ്ടും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: