കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം കാണുന്നത് അധികാരമേറ്റ് ഒന്നരമാസത്തിന് ശേഷം. അന്നു മുതല്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി അടുത്തബന്ധമാണുള്ളത്. 2011ല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ഒന്നരമാസത്തിന് ശേഷം ജൂലൈയിലാണ് ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിത നേരിട്ട് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന ബിസിനസുകാരിയായിട്ടാണ് സരിതയുടെ രംഗപ്രവേശം. അന്നു മുതല്‍ സരിതയുടെ ഫോണ്‍കോളുകള്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.
സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ടുമായാണ് സരിത മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുന്നത്. പ്രോജക്ട് റിപ്പോര്‍ട്ട് നേരിട്ട് കണ്ട് വായിച്ച ശേഷം മുഖ്യമന്ത്രി ഒപ്പിട്ട് ഫയലാക്കി നമ്പരിടാന്‍ സെക്ഷനിലേക്ക് കൈമാറുകയാണ് ചെയ്തത്. ഈ അവസരത്തില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന ജോപ്പന് സരിതയുമായി കൂടുതല്‍ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് സരിതയെ വ്യവസായവകുപ്പില്‍ കൊണ്ടുപോയി പരിചയപ്പെടുത്തിയത് ജോപ്പനാണ്. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ പരിചയപ്പെടുത്താനായി കൊണ്ടുപോയതും ജോപ്പന് തന്നെ.
ഇവിടെ നിന്നുമാണ് സോളാര്‍ തട്ടിപ്പിന്റെ ആരംഭം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആദ്യമായെത്തുമ്പോള്‍ തന്നെ സരിത കുഴപ്പക്കാരിയാണെന്ന മുന്നറിയിപ്പ് ഓഫീസിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പോലീസുകാരില്‍ ഒരാളാണ് ജോപ്പനടക്കമുള്ളവര്ക്ക് സരിതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഈ പോലീസുകാരി മുമ്പ് ജയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നപ്പോള് സരിത അവിടെ തടവുകാരിയായിരുന്നു. മാത്രമല്ല സരിത ജയിലിനുള്ളില്‍ വച്ച് പ്രസവിച്ച കാര്യവും മറ്റും ഇവര്‍ ജോപ്പനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ജോപ്പനും ജിക്കുമോനും സലിംരാജനുമടക്കം മുഖ്യമന്ത്രി സന്തതസഹചാരികള്‍ സരിതയുമായുള്ള ബന്ധം പൂര്‍വാധികം ശക്തിപ്പെടുത്തി. മാത്രമല്ല തനിക്ക് അനുവദിക്കപ്പെട്ടിരുന്ന സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്സിലും ജോപ്പന് നിരവധി തവണ സരിതയെ കൊണ്ടുപോയിരുന്നു. ക്വാര്‍ട്ടേഴ്സിലെ അയല്‍വാസികള്‍ പലരും ഇതിന് സാക്ഷികളാണ്. ജോപ്പന്റെയും കൂട്ടരുടെയും മുഖ്യമന്ത്രിയുടെ മേലുള്ള അമിത സ്വാധീനം മറ്റു പലര്‍ക്കും അസഹനീയമായിരുന്നു. അവരുടെ ഇടപെടല്‍ മൂലം പുറത്തുവന്ന വിവരങ്ങളാണ് മുഖ്യമന്ത്രിയുടെയുടെ അടിവേര് പിഴുതെടുത്തത്.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: