തിരുവനന്തപുരം: നെല്ല് സംഭരണ കുടിശ്ശിഖ ഇനത്തില്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കു അടുത്തയാഴ്ച സര്‍ക്കാര്‍ 18 കോടി രൂപ നല്കുമെന്നു മന്ത്രി കെ.സി.ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാലവര്‍ഷക്കെടുതിയില്‍ വെളളക്കെട്ടുണ്ടായ കുട്ടനാട്ട് മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വാര്‍ഡ് ഒന്നിന് 10,000 രൂപ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പായിരിക്കും മേല്‍നോട്ടം വഹിക്കുക. 100 വാര്‍ഡുകള്‍ക്കായി ഒരു കോടി രൂപ നല്‍കും. കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 6.82 ലക്ഷം രൂപ നല്‍കും. പമ്പിംഗ് സബ്സിഡിയായി 3.18 ലക്ഷം രൂപ നല്‍കുന്നതിനും തീരുമാനമായി. മടവീഴ്ചയില്‍ പൂര്‍ണമായും വീട് തകര്‍ന്ന സംഭവത്തില്‍ വീട്ടുടമയ്ക്ക് ആറര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ആര്.ബ്ലോക്ക് കായലിലെ വെളളം പമ്പു ചെയ്യുന്നതിന് 30 ലക്ഷം രൂപയും കടല്‍ ഭിത്തി പുനരുദ്ധാരണത്തിന് നേരത്തേയനുവദിച്ച രണ്ടര കോടിക്കു പുറമെ ഒന്നര കോടി രൂപയും നല്‍കും. ദേശീയ പാതകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 5.18 ലക്ഷം രൂപയും പിഡബ്ല്യുഡി, പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപയും നല്‍കാനും തീരുമാനമായി. കുട്ടനാട്ടില്‍ ആരംഭിച്ച ദുരുതാശ്വാസ ക്യാമ്പുകള്‍ തുടരണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ ക്യാമ്പകള്‍ പിരിച്ചു വിടും.
എന്നാല്‍ 49 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. വെള്ളം ഇറങ്ങുന്നതനുസരിച്ച് ഈ ക്യാമ്പുകളും പിരിച്ചു വിടും. മന്ത്രിമാരായ കെ.പി.മോഹനന്, കെ.സി.ജോസഫ്, പി.ജെ.ജോസഫ്, എം.എല്‍.എ. മാരായ പി.സി.വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, തോമസ് ചാണ്ടി, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: