ന്യൂദല്‍ഹി: രാഷ്ട്രീയ ഇടപെടലുകള്‍ മൂലം വിശ്വാസ്യത തകര്‍ന്ന സിബിഐയുടെ ഡയറക്ടര്‍ നിയമനം ഇനി മുതല്‍ കൊളീജിയത്തിന്. പ്രധാനമന്ത്രി,ലോക്സഭാ പ്രതിപക്ഷ നേതാവ്,സുപ്രീംകോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നിയമിക്കുന്ന സുപ്രീംകോടതി ജഡ്ജിയോ എന്നിങ്ങനെ മൂന്നംഗ പാനലാണ് സിബിഐ ഡയറക്ടരെ നിയമിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ സിബിഐ ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധിക്കൂ എന്നും സത്യവാങ്മൂലത്തിലുണ്ട്. എന്തെങ്കിലും പരാതി ഉയരുകയാണെങ്കില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെ ഡയറക്ടറെ നീക്കം ചെയ്യാം. ദല്‍ഹി പോലീസ് എസ്റ്റാബ്ലീഷ്മെന്റ് ആക്റ്റ് പരിഷ്ക്കരിക്കുന്നതുള്പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഡയറക്ടര്‍ പദവിയില്‍ ഒരാളെ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കരുത്. സിബിഐ ഡയറക്ടറെ മാറ്റാനുള്ള ശുപാര്‍ശ നല്‍കുന്നത് കൊളീജിയത്തിലെ ഭൂരിപക്ഷ അഭിപ്രായ പ്രകാരമായിരിക്കണം. സിബിഐയ്ക്ക് കൂടുതല്‍ സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം നല്‍കും. സുപ്രീംകോടതി ജഡ്ജിമാരുടെ ഒരു സമിതിക്കായിരിക്കും സിബിഐയുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നേട്ടം എന്നിങ്ങനെ സുപ്രധാനമായ തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 41 പേജുള്ള സത്യവാങ്മൂലത്തിലുള്ളത്. സിബിഐയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളും സത്യവാങ്മൂലത്തിലുള്ക്കൊള്ളിച്ചിട്ടുണ്ട്. സിബിഐയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സത്യവാങ്മൂലം തയാറാക്കി സമര്‍പ്പിച്ചത്.
കല്‍ക്കരി അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിബിഐയെ കൂട്ടിലടച്ച തത്ത എന്നു വിശേഷിപ്പിച്ച കോടതി സിബിഐക്ക് കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കണമെന്ന് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐയുടെ പ്രവര്‍ത്തനത്തില്‍ പുറമേ നിന്നുള്ള ഇടപെടല്‍ തടയാന്‍ നിയമഭേദഗതിക്കായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ സിബിഐ അന്വേഷണത്തില്‍ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസ്, കല്‍ക്കരി മന്ത്രാലയം, അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരും ഇടപെട്ടതിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു സമിതി രൂപീകരിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്.
കല്‍ക്കരി അഴിമതിക്കേസിലെ വാദം കേള്‍ക്കുന്ന ജൂലൈ 10ന് മുന്‍പ് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപം നല്കിയ മന്ത്രിസഭാ ഉപസമിതിയാണ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്, നിയമകാര്യ-വിവര സാങ്കേതിക മന്ത്രി കപില്‍ സിബല്‍, വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി, സിബിഐയുടെ ചുമതലയുള്ള കേന്ദ്ര പഴ്സനേല്‍ മന്ത്രി വി. നാരായണസ്വാമി എന്നിവരരുള്പ്പെട്ട സമിതിക്കു മുമ്പാകെ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: