പെരുമ്പാവൂര്‍: നിയോജകമണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന പിഡബ്ല്യുഡി റോഡുകളുടെ പുനരുദ്ധാരണത്തിനായി 4.42 കോടി രൂപയുടെ അനുമതിലഭിച്ചതായി സാജുപോള്‍ എംഎല്‍എ അറിയിച്ചു. വിവിധ പഞ്ചായത്തുകളില്‍പ്പെടുന്ന പതിനേഴ് റോഡുകള്‍ക്ക് സംരക്ഷണ ഭിത്തി, കാന എന്നിവ നിര്‍മ്മിക്കുന്നതിനും, മഴയില്‍പ്പെട്ട് സഞ്ചരിക്കാനാകാത്ത വിധം പൊട്ടിപ്പൊളിഞ്ഞ് ടാറിംഗ് വീണ്ടും നടത്തുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നത് . ഇതിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ അടുത്ത കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി കനത്തമഴയില്‍ ഭാഗികമായി തകര്‍ന്ന പാണിയേലി മൂവാറ്റുപുഴ റോഡും, അറയ്ക്കപ്പടി മംഗലത്ത് നടറോഡും കരാറുകാരുടെ ഉത്തരവാദിത്തത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതാണെന്നും എംഎല്‍എ അറിയിച്ചു.
കൂവപ്പടി പഞ്ചായത്തിലെ ഗണപതി വിലാസം എടവൂര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊമ്പനാട് വലിയപാറ റോഡില്‍ രായമംഗലം വായ്ക്കര റോഡിന് 15 ലക്ഷം, കീഴില്ലം കുറിച്ചിലക്കോട് റോഡിന് 20 ലക്ഷം അനുവദിച്ചു. ആലുവ മൂന്നാര്‍ റോഡിലും, ടൗണ്‍ റോഡിലും വിവിധ പ്രവര്‍ത്തികള്‍ക്കായി 25 ലക്ഷവും, ഓടക്കാലിനെടുങ്ങപ്ര ക്രാരിയേലി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് 15 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ കൂവപ്പടി റോഡില്‍ പൂപ്പാനിയില്‍ റോഡ് പുനര്‍നിര്‍മ്മാണത്തിനും കലുങ്ക് നിര്‍മ്മാണത്തിനുമായി 75 ലക്ഷവും ഇതേറോഡില്‍ വാച്ചാല് പാടം ഭാഗത്ത് റോഡും കലുങ്കും നിര്‍മ്മാണത്തിനായി ഒരു കോടി രൂപയുമാണ് അനുമതിയായിട്ടുള്ളത്.
ആലുവ മൂന്നാര്‍ റോഡില്‍ ആശ്രമം സ്കൂളിന് സമീപവും, ഓടക്കാലി കാര്‍ഷികഗവേഷണ കേന്ദ്രത്തിന് മുന്‍വശവും, നെടുംതോട് പ്രദേശം, മുടിക്കരായി പള്ളിക്ക് മുന്‍വശം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാനകള്‍ നിര്‍മ്മിക്കുന്നതിനായി ആകെ 57 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ പുത്തന്‍കുരിശ് റോഡില്‍ അല്ലപ്ര കവലക്ക് സമീപം കാനനിര്മ്മിക്കുന്നതിന് വേണ്ടി 15 ലക്ഷവും, മേതല കല്ലില്‍ ക്ഷേത്രത്തിന് മുന്‍വശം സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് 15 ലക്ഷവും. ക്ഷീര സഹകരണ സംഘത്തിനു സമീപം കാനയും സംരക്ഷണഭിത്തിയും തീര്‍ക്കുന്നതിനായി 15 ലക്ഷം രൂപയും അനുവദിച്ചു.
മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡില്‍ ബഥനിക്കവലക്ക് സമീപം റോഡ് പുനര്‍നിര്‍മ്മാണത്തിനായി 10 ലക്ഷം, പി.പി.റോഡില്‍ മേപ്രത്തുപടികവലക്ക് സമീപം റോഡ് സംരക്ഷണ ഭിത്തിയും കാനയും പുനര്‍നിര്‍മ്മിക്കുന്നതിനായി 16 ലക്ഷവും അനുവദിച്ചതായും എംഎല്‍എ അറിയിച്ചു. ഇതോടൊപ്പം കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറ ചിറയുടെ നവീകരണത്തിനായി 11.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും സാജുപോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: