തിരുവല്ല: പാചകവാതക സബ്സിഡി ബാങ്കുകള്‍വഴി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഉപഭോക്താക്കളെ ഏറെ വലയ്ക്കുന്നു. പത്തനംതിട്ട, വയനാട് ജില്ലകളില്‍ പുതിയതായി നടപ്പിലാക്കിയിരിക്കുന്ന പദ്ധതിപ്രകാരം ഏജന്‍സികളില്‍നിന്നും പൊതുവിപണിയിലെ വിലയ്ക്കുതന്നെ ഗ്യാസ് വാങ്ങേണ്ടിവരും. ഇതുമൂലം അമിതമായ സാമ്പത്തികഭാരമാണ് ഉപഭോക്താക്കളുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി ബാങ്കുകള്‍വഴി സബ്സിഡി വിതരണം ചെയ്യുന്നത്. പത്തനംതിട്ട, വയനാട് ജില്ലകളിലെ മുഴുവന്‍ ആളുകള്‍ക്കും ഇതുവരെ ആധാര്‍കാര്‍ഡ് വിതരണം പൂര്‍ത്തിയായിട്ടില്ല. ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സികളുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചതിനുശേഷം അങ്ങനെയുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ സബ്സിഡി വിതരണം ചെയ്യുകയുള്ളു. ആധാര്‍കാര്‍ഡ് ലഭിക്കാത്ത ഉപഭോക്താക്കള്‍ ഇതുമൂലം കഷ്ടത്തിലാകുകയാണ്. മൂന്ന് മാസത്തിനകം ആധാര്‍ കാര്‍ഡ് ലഭിക്കാത്ത വ്യക്തികള്‍ക്ക് പിന്നീട് പരിപൂര്‍ണ്ണമായും വിപണിവില നല്കി ഗ്യാസ് വാങ്ങേണ്ടിവരുമെന്നും വിതരണക്കാര്‍ ഭീഷണി മുഴക്കുന്നുണ്ട്. വാങ്ങുന്ന സിലിണ്ടറുകളുടെ രാജ്യത്തെ പതിനെട്ട് ജില്ലകളിലാണ് പാചകവാതക സബ്സിഡി ബാങ്കുകള്‍വഴി വിതരണം ചെയ്യാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പത്തനംതിട്ട, വയനാട്, ജില്ലകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതിയനുസരിച്ച് ഉപഭോക്താക്കള്‍ സബ്സിഡിയില്ലാതെ വിപണിവില നല്കി ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങണം. സബ്സിഡി തുക പിന്നീട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതാണ് പദ്ധതി. പത്തനംതിട്ട ജില്ലയില്‍ സബ്സിഡിയില്ലാതെ ഒരു സിലിണ്ടര്‍ ഗ്യാസിന് 889 രൂപ നല്‍കണം. സബ്സിഡിതുകയായ 450 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും. വയനാട്ടില്‍ വിപണിവില 940 രൂപയും സബ്സിഡി 500 രൂപയുമാണ്. പദ്ധതിയുടെ ആദ്ധ്യഘട്ടം പ്രവര്‍ത്തനം വിലയിരുത്തിയതിനുശേഷം ഈ വര്‍ഷം അവസാനത്തോടെ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍തീരുമാനം. പദ്ധതി പരിപൂര്‍ണ്ണമായി വിജയിച്ചാല്‍ കരിഞ്ചന്തയിലൂടെ വില്‍ക്കുന്ന സിലിണ്ടറുകളുടെ സബ്സിഡിയിനത്തില്‍ പതിനായിരം കോടി രൂപ ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേരളത്തിലെ മറ്റ് ജില്ലകളിലും ആധാര്‍ കാര്‍ഡ് മുഖേനയുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമാകുന്ന സമയം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണിതെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്.
വയനാട,് പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എസ്എംഎസ് ബുക്കിംഗും ഉപഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എസ്എംഎസ് ബുക്കിംഗ് ആരംഭിച്ചതോടെ നേരത്തെയുള്ള ബുക്കിംഗ് ഇല്ലാതാവുന്നതാണ് ഏറെ വലയ്ക്കുന്നത്. ഓരോ ഉപഭോക്താവും ഗ്യാസ് കണക്ഷന് ബുക്കുമായി ഏജന്‍സിയില്‍ നേരിട്ടെത്തി മൊബെയില്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം അതേ മൊബെയിലില്നിന്നുവേണം എസ്എംഎസ് മുഖേന ബുക്കുചെയ്യുവാന്‍. ബുക്ക് ചെയ്താലും കുറ്റികള്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നതും പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്.
എം. ആര്. അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: