അരിസോണ: അമേരിക്കയില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ 19 അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. മധ്യ അരിസോണയില്‍ വനമേഖലയിലാണ് തീ പടര്‍ന്നത്. യാരനെല് നഗരത്തിലേക്ക് തീപടരുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്.
2001 സെപ്റ്റബര്‍ 11ലെ ആക്രമണത്തിന് ശേഷം നടന്ന രക്ഷാ പ്രവര്‍ത്തനത്തിലാണ് ഇതിനുമുമ്പ് ഇത്രയധികം അഗ്നിശമനാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവന് ബലി അര്‍പ്പിച്ച അഗ്നിശമനസേനാംഗങ്ങള്‍ ധീരന്മാരാണെന്ന് പ്രസിഡണ്ട് ബരാക് ഒബാമ അനുസ്മരിച്ചു.
അഗ്നിശമനസേനാംഗങ്ങള്‍ക്ക് എന്നും അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ഇടമുണ്ടാകുമെന്ന് അരിസോണ സെനറ്റര്‍ ജോണ്‍ മെക്കെയ്ന് പറഞ്ഞു.ഇരുന്നൂറോളം അഗ്നിശമനാ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2,000 ഏക്കര്‍ സ്ഥലത്തോളം വ്യാപിച്ച കാട്ടു തീയില്‍ 250 തില്‍പ്പരം വീടുകള്‍ കത്തി നശിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്തുള്ള ആളുകളെയെല്ലാം മാറ്റി പാര്‍പ്പിച്ചു. വെള്ളിയാഴ്ച്ചയാണ് പ്രദേശത്തെ വനമേഖലയില്‍ തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും വരണ്ട കാലാവസ്ഥയും കാറ്റും കാരണം കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: