പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്ന പരാമര്‍ശങ്ങളടങ്ങിയ പരാതിക്കാരന്റെ ഹര്‍ജിയുടെ പകര്‍പ്പ് പുറത്തായി. ഇതോടെ സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ ഓഫീസിനെയും പേഴ്സണല്‍ സ്റ്റാഫിനെയും പഴിചാരി മുഖ്യമന്ത്രിക്ക് കയ്യൊഴിയാന്‍ കഴിയാത്ത തലത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സോളാര്‍ തട്ടിപ്പുകള്‍ കൂടുതലും നടന്നിരിക്കുന്നത്. കോന്നി അട്ടച്ചാക്കല്‍ മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ ആര്. ശ്രീധരന്‍നായര്‍ പത്തനംതിട്ട സെക്കന്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്റെ പകര്‍പ്പാണ് പുറത്തായത്.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിതാനായരോടും ബിജുരാധാകൃഷ്ണനോടുമൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും സൗരോര്‍ജ പ്ലാന്റിനെ കുറിച്ച് ചര്‍ച്ച നടത്തിയതായാണ് ഹര്‍ജിയില്‍ പറയുന്നത്. മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തതിനാലാണ് പദ്ധതിയില്‍ താത്പര്യമുണ്ടായതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് 40ലക്ഷം രൂപയുടെ ചെക്ക് സരിതാ നായര്‍ക്ക് കൈമാറിയതെന്നും ശ്രീധരന്‍നായര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഈ വിവരങ്ങള്‍. സോളാര്‍ പാനല്‍ വിവാദത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാതിക്കാരന് നേരിട്ട് പരാമര്‍ശിക്കുന്നത്. പാലക്കാട്ടെ കിന്‍ഫ്ര പാര്‍ക്കില്‍ രണ്ട് മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനാണ് സരിതാ നായരുടെ കമ്പനിയുമായി കഴിഞ്ഞവര്‍ഷം ജുലൈയില്‍ ശ്രീധരന്‍നായര്‍ കരാറുണ്ടാക്കിയത്. 45കോടിയോളം രൂപാ മൊത്തം മുതല്‍മുടക്കുള്ള പദ്ധതിയുടെ 80ശതമാനത്തോളം വിവിധ ഏജന്‍സികളില്‍ നിന്നായി സബ്സിഡി തരപ്പെടുത്താമെന്നായിരുന്നു സരിതയുടെ വാഗ്ദാനം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷം 40ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയായിരുന്നു.
തട്ടിപ്പ് പുറത്തായശേഷം ജൂണ്‍ 12 നാണ് പത്തനംതിട്ട കോടതിയില്‍ ശ്രീധരന്‍നായര്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് 15ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേ തൃത്വത്തിലാണ് അന്വേഷണം.
ശ്രീധരന്‍നായര്‍ കോടതിയിയില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നിജോപ്പന് പത്തനംതിട്ട സബ് ജയിലില്‍ റിമാന്റിലാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജോപ്പന് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗ്സ്ഥരോട് പറയുന്നത്തോടെ മുഖ്യമന്ത്രിക്കും ഓഫീസിലെ മറ്റ് അംഗങ്ങള്‍ക്കും തട്ടിപ്പില്‍ നിന്ന് തലയൂരാന്‍ പറ്റില്ലെന്ന് വ്യക്തമാകുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: