കാസര്‍കോട്: ജോലിതേടി ഗള്‍ഫില്‍ പോയ മകന് എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രാര്‍ഥനയില്‍ നിറകണ്ണുകളുമായി കഴിയുകയാണ് 60 വയസ്സുകാരിയായ ഒരമ്മ. കാസര്‍കോട് കടപ്പുറത്തെ ശാന്തിനഗറിലെ പരേതനായ ശ്രീധരന്റെ ഭാര്യ ഉമ്പുഞ്ഞിഅമ്മ തന്റെ മകന് നാരായണന്റെ തിരിച്ചുവരവിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഇരുപത് കഴിഞ്ഞു.
നാരായണന് ജനിച്ച് ഒന്നരവയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് ശ്രീധരനെ മരണം തട്ടിയെടുത്തത്. തുടര്‍ന്ന് കടലമ്മ കനിഞ്ഞു നല്കിയ മത്സ്യം വിറ്റായിരുന്നു നാരായണന് അടക്കമുള്ള നാലുമക്കളെ ഉമ്പുഞ്ഞിഅമ്മ പോറ്റി വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കനായിരുന്ന നാരായണന് എസ്എസ്എല്‍സി കഴിഞ്ഞ് തുടര്പഠനത്തിനൊരുങ്ങവെയാണ് ഗള്‍ഫിലേക്ക് പോകാന്‍ വിസ ലഭിക്കുന്നത്. ഏറെ മോഹങ്ങളോടെയാണ് ഇരുപതാം വയസ്സില്‍ മണലാരണ്യത്തിലേക്ക് പറന്നത്. 1989-ലാണ് ആദ്യമായി ഗള്‍ഫില്‍ എത്തിയത്.
പാക്കിസ്ഥാന് കമ്പനിയില്‍ എയര്‍ കണ്ടീഷനര്‍ മെക്കാനിക്കായി ജോലികിട്ടി. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് നാരായണന് തിരിച്ച് അമ്മയെയും സഹോദരിമാരെയും അനുജനെയും കാണാന്‍ നാട്ടിലെത്തുന്നത്. അവധി കഴിഞ്ഞ് മടങ്ങി. ഒരുവര്‍ഷത്തോളം കത്തിടപാടുകള്‍ നടത്തിയതായി അമ്മ പറയുന്നു. പിന്നീടങ്ങോട്ട് മകന്റെ യാതൊരു വിവരവും ലഭിച്ചില്ല.
കാസര്‍കോട് കടപ്പുറം മേഖലകളില്‍ നിന്നും നിരവധിപേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ട്. പലരും മകനെ കണ്ടെന്ന് പറയുന്നതല്ലാതെ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ലെന്ന് നാരായണന്റെ മൂത്ത സഹോദരി രാധ പറയുന്നു.
ഇന്നല്ലെങ്കില്‍ നാളെ മകന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ നില്ക്കവേ കാലങ്ങള്‍ കടന്നുപോയതല്ലാതെ മകനെക്കുറിച്ച് യാതൊരു വിവരവും ഈ അമ്മയ്ക്ക് ലഭ്യമായിട്ടില്ല. മകനെക്കുറിച്ച് വിവരം ലഭ്യമാക്കാന്‍ പലരെയും സമീപിച്ചെങ്കിലും കൈ മലര്‍ത്തി തിരിച്ചയയ്ക്കുകയായിരുന്നു. മകന് അമ്മയെ കാണാന്‍ തിരിച്ചുവരുമെന്ന പ്രാര്‍ഥനയിലാണ് ഉമ്പുഞ്ഞിഅമ്മ. ഇതിനിടെ ഗള്‍ഫിലെ ജയിലറകളില്‍ നിരവധി മലയാളികള്‍ അകപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പരന്നിരുന്നു. തന്റെ മകന് അതില്‍ പെട്ടിട്ടുണ്ടാകുമോ എന്ന ആശങ്കയാണ് അമ്മയ്ക്ക്. ദൈവങ്ങള്‍ തന്റെ പ്രാര്‍ഥന കേള്‍ക്കുമെന്നും മകന് മടങ്ങി വരുമെന്നുമുള്ള വിശ്വാസത്തിലാണ് ഉമ്പുഞ്ഞിഅമ്മ.
വൈ. കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: