കൊച്ചി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുസ്ലിം ലീഗ് വിരുദ്ധ പ്രസ്താവനയിലെ ആത്മാര്‍ഥത സംശയിക്കേണ്ടതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ചെന്നിത്തലയുടെ മുന്‍ നിലപാടുകള്‍ പരിശോധിച്ചാല്‍ ഇപ്പോഴത്തെ പ്രതികരണം കാപട്യമാണെന്ന് മനസിലാകും. മുസ്ലിം ലീഗിനെതിരെ ജനങ്ങളുടെ ഇടയില്‍ പൊതുവികാരം രൂപപ്പെട്ടിട്ടുണ്ട്. ഇത് മറികടക്കാന്‍ സഹായിക്കുന്ന നീക്കമാണ് ഇപ്പോഴത്തെ ലീഗ് വിമര്‍ശനമെന്നും മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചാംമന്ത്രി സംബന്ധിച്ച വിവാദം ഉയര്‍ന്നപ്പോഴും കെപിസിസി പ്രസിഡന്റ് ലീഗിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ അത് കാപട്യമാണെന്ന് പിന്നീട് വ്യക്തമായി. ജില്ലാ വികസന സമിതികളില്‍ ഭൂരിഭാഗവും ലീഗിന്റെ നിയന്ത്രണത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും ലീഗിന്റെ പരിഗണനയ്ക്കാണ് മുന്‍തൂക്കം. സാമുദായിക സംഘടനകളുമായുള്ള ബന്ധത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന സി.കെ. ഗോവിന്ദന് നായരുടെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്ന് ചെന്നിത്തല വ്യക്തമാക്കണം. ലീഗിന് പാദസേവ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
വ്യാജപാസ്പോര്‍ട്ട് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടുകളോട് യോജിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് തുറന്നു പറയണം. വ്യാജ പാസ്പോര്‍ട്ട് വിഷയത്തില്‍ വന്‍ഗൂഢാലോചന നടത്തിയതില്‍ വിദേശകാര്യ മന്ത്രി ഇ. അഹമ്മദിന് മുഖ്യപങ്കുണ്ട്. ആരോപണവിധേയനായ അഹമ്മദിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഇന്ദിരാ ആവാസ് യോജനയില്‍ പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ന്യൂനപക്ഷങ്ങളുടെത് വര്‍ധിപ്പിക്കുകയും ചെയ്തു. ചെന്നിത്തല ഒരിക്കല്‍ സി.കെ.ജിയെ ഉദ്ധരിക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്യുന്നത് വഞ്ചനയാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
സോളാര്‍ തട്ടിപ്പു കേസില്‍ ടെന്നി ജോപ്പന്റെ അറസ്റ്റോടെ വിഷയം തീര്‍ന്നെന്നു വരുത്താനാണ് ശ്രമം. ശാസ്ത്രീയമായ അന്വേഷണം വേണമെന്നതില്‍ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും രണ്ടാണെന്ന നിലപാട് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രിയെ നിഴല്‍പോലെ പിന്തുടര്ന്നിരുന്ന ആളാണ് ടെന്നി ജോപ്പന്. കുറ്റക്കാരിയാണെന്നു കണ്ടാല്‍ ശാലുമേനോന് ഉള്‍പ്പെടെ മുഴുവന്‍ പേരെയും അറസ്റ്റു ചെയ്യണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
വ്യാജരേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നല്‍കിയത് നിയമവിരുദ്ധമാണ്. കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നിയമലംഘനങ്ങള്‍ വ്യാപകമാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഹവാല ഇടപാടും കള്ളനോട്ട് കടത്തലും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: