തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എക്ക് സിപിഎമ്മിന്റെ ക്ലീന്‍ ചിറ്റ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയരായ എംഎല്‍എമാര്‍ ആരുംതന്നെ രാജിവെച്ച ചരിത്രമില്ലെന്നത് ചികഞ്ഞെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് തെറ്റയിലിന് സംരക്ഷണവുമായി രംഗത്തെത്തിയത്.
വീഡിയോ ദൃശ്യങ്ങള്‍ സഹിതം ഒരു യുവതി സമര്‍പിച്ച പരാതിയെ പരമാവധി ലഘൂകരിക്കുന്ന സമീപനമാണ് ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു പിണറായി. ഇപ്പോഴും ഒളിവില്‍ കഴിയുന്ന ഒരു എംഎല്‍എയെ ന്യായീകരിക്കാന്‍ പിണറായി മാധ്യമങ്ങളെ പഴിചാരാനും തയാറായി. ജോസ്തെറ്റയിലിന് എതിരായ ആരോപണം ചില മാധ്യമങ്ങള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും ആവശ്യമായ എല്ലാ അന്വേഷണങ്ങളും നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും പിണറായി പറഞ്ഞു.
മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നതായുള്ള പിണറായി വിജയന്റെ ആരോപണത്തിന് വി.എസ്.അച്യുതാനന്ദന് മറുപടി നല്കി. മാധ്യമങ്ങള്‍ പുകമറ സൃഷ്ടിച്ചിട്ടില്ല. അവര്‍ക്ക് മനസിലായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങളുടെ ഇടപെടലാണ് പല ആരോപണങ്ങളും പുറത്ത് കൊണ്ടുവന്നതെന്നും വിഎസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തെറ്റയില്‍ വിഷയത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി അവരുടെ അഭിപ്രായം പറയാം. അതിനുള്ള ചുമതലയും കടമയും അവര്‍ക്കുണ്ട്. ഇടതുപാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടെന്നും വിഎസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ ശ്രീധരന് നായരുടെ പരാതിയിന്മേലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ ജോപ്പന് വാങ്ങിയത് മുഖ്യമന്ത്രിയുടെ അവോടെയാണെന്നാണ് ശ്രീധരന് നായരുടെ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടിവരും. എന്നാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നിടത്തോളം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതിന് സാധിക്കില്ല. അതിനാല്‍ മുഖ്യമന്ത്രി രാജി വച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. മുഖ്യമന്ത്രിക്കസേരയില്‍ ചടഞ്ഞിരുന്നു പോലീസിനെ പേടിപ്പിക്കുന്ന നാണം കെട്ട സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും വി.എസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ മലപോലെ ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കിട്ടിയ കച്ചിത്തുരുമ്പായി തെറ്റയില്‍ വിവാദത്തെ മാധ്യമങ്ങള്‍ ഉപയോഗിച്ചെന്നാണ് പിണറായിയുടെ പരാതി. തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ സിപിഎം പിന്നോട്ട് പോയെന്ന മാധ്യമ വാര്‍ത്തകളാണ് പിണറായിയെ ചൊടിപ്പിച്ചത്. സിപിഎം പിന്നോട്ടു പോയിട്ടില്ലെന്നും സംഭവം അറിഞ്ഞയുടന്‍ എടുത്ത നിലപാടില്‍ പാര്‍ട്ടി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കീഴ്വഴക്കങ്ങളോ നിയമ, സാങ്കേതികകളോ അറിയാത്ത രീതിയിലാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ചരിത്രത്തില്‍ ആദ്യമായി ലൈംഗിക ആരോപണത്തിന് വിധേയനാകുന്ന എം.എല്‍.എ പി.ടി.ചാക്കോയാണ്. അദ്ദേഹം രാജിവെച്ചിരുന്നില്ല. പിന്നീട് പല എംഎല്‍എമാരും ലൈംഗിക വിവാദത്തില്‍ പെട്ടിട്ടുണ്ട്. അവരാരും രാജി വെച്ചിട്ടില്ല. വിവാദത്തില്‍ പെടുന്നയാല് എക്സിക്യുട്ടീവ് അധികാരം കൈയാളുന്ന ആളാണെങ്കില്‍ രാജിവെക്കണം. മന്ത്രിപദം അത്തരത്തിലുള്ളതാണ്. മന്ത്രിയായിരിക്കെ അന്വേഷണത്തെ സ്വാധീനിക്കാനാവും. എന്നാല്‍ എംഎല്‍എമാര്‍ ആ ഗണത്തില്‍ പെടുകയില്ല. മുന്‍കാല ചരിത്രം അനുസരിച്ച് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നിരിക്കെ ജോസ് തെറ്റയിലിന് മാത്രം ഇത് ബാധമാകാതിരിക്കുന്നതെങ്ങനെയെന്നും പിണറായി ചോദിച്ചു.
വി.എസ് അച്യുതാനന്ദന് ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യത്യസ്തമായിരുന്ന കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ മറുപടിയാണ് പിണറായി നല്‍കിയത്. അദ്ദേഹം നിങ്ങളോട് നിലപാട് വ്യക്തമാക്കിയതല്ലേ, അഭിപ്രായ വ്യത്യസമെന്നൊരു ചിത്രം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഏകീകൃതമായ നിലപാട് തന്നെയാണുള്ളത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: