തിരുവനന്തപുരം: പാരഗ്ലൈഡിംഗ് യാത്ര നടത്തുന്നതിനിടയില്‍ യന്ത്ര തകരാര്‍ മൂലം മുതലപ്പൊഴിയില്‍ വീണ നൗഷാദിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കരയ്ക്കടിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിനിര്‍ത്തി നൗഷാദ് യാത്ര നടത്തിയത്.
ഇന്നലെ രാത്രി ഏഴ് മണിയോടെ പുതുക്കുറിച്ചിക്കടുത്ത് ഒറ്റപ്പന കടലിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. കരയ്ക്കടുത്ത് വന്ന മൃതദേഹം മത്സ്യത്തൊഴിലാളികള്‍ പിടിച്ചുവെങ്കിലും ശക്തമായ തിരയില്‍ വഴുതിപോയി. രാത്രി ഒരുമണിവരെ മൃതദേഹം കയറുകെട്ടി കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുതുക്കുറിച്ചി പുന്നമൂട്ടില്‍ നൗഷാദിന്റെ കുടുംബ വീട്ടിന്റെ പിന്നിലുള്ള തീരത്താണ് മൃതദേഹം അടിഞ്ഞത്.
ചീഞ്ഞളിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തില്‍ പാരാഗ്ളൈഡിംഗ് യന്ത്രവും പാരച്യൂട്ടും കുരുങ്ങിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങളും കാലില്‍ ഒരു ഷൂവും മൃതദേഹത്തിലുണ്ടായിരുന്നു. കൂടാതെ കാറിന്റെ താക്കോലും പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ച കഴിഞ്ഞ് പുതുക്കുറിച്ചി മുസ്ലീം ജമാഅത്തില്‍ കബറടക്കും.
തിങ്കളാഴ്ച വൈകിട്ടോടെയാണ് പെരുമാതുറ മുതലപ്പൊഴിയില്‍ വീണ് നൗഷാദിനെ കാണാതായത്. കടലില്‍ വീണ നൗഷാദ് രക്ഷപ്പെടുത്തുന്നതിനുവേണ്ടി കരയില്‍ നിന്നവരോട് വിളിച്ചുപറയുകയും കൈകാണിക്കുകയും ചെയ്തുവെങ്കിലും മുതലക്കുഴിയിലെ ശക്തമായ തിരയും ഒഴുക്കും അറിയാവുന്ന നാട്ടുകാര്‍ നൗഷാദിനെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചില്ല. 45 കിലോയോളം ഭാരമുള്ള എന്ജിന് ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്താന്‍ നൗഷാദ് ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറയുന്നു.
എന്ജിന് വേര്‍പ്പെടുത്താന്‍ കഴിയാത്തതാണ് നൗഷാദ് മരിക്കാന്‍ കാരണമായത്. പതിനഞ്ച് വര്‍ഷമായി യു.എ.ഇയില്‍ പ്രവാസി ജീവിതത്തിനുശേഷം നൗഷാദ് നാട്ടിലേക്ക് എത്തിയത്. ഗള്‍ഫിലായിരുന്ന സമയത്ത് നൗഷാദ് റാസ ഗമയിലുള്ള അല്‍ജസീറ പവര്പാര ഗ്ലൈഡിംഗ് ഇന്‍സ്റ്റിട്യൂട്ടില്‍ പരിശീലനം നേടി അന്തര്‍ദേശീയ നിലവാരമുള്ള സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. ഇതിനു മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വരുന്ന നൗഷാദ് അഭ്യാസ പ്രകടനങ്ങള്‍ നടത്താറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഷീജയാണ് ഭാര്യ. നാല് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: