കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തില്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പങ്കെന്ന് സുചന. ഇതുസംബന്ധിച്ച് സിബിഐക്ക് നിര്‍ണായക തെളിവ് ലഭിച്ചതായി അറിയുന്നു.
കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തിന് കേന്ദ്ര വിദേശകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ് കുമാര്‍ പര്‍ദേശി ഒത്താശ ചെയ്തതായി സിബിഐക്ക് തെളിവ് ലഭിച്ചു. മുക്തേഷ്കുമാറിനെ ചോദ്യംചെയ്യലിനായി കൊച്ചിയിലേക്ക് സിബിഐ വിളിപ്പിച്ചേക്കുമെന്നറിയുന്നു.
പാസ്പോര്ട്ടില് കൃത്രിമം കാണിച്ച് ഒട്ടേറെ പെണ്‍കുട്ടികളെ വിദേശത്തേക്ക് വീട്ടുജോലിക്കായി കടത്തിയതിന് പിന്നില്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. മനുഷ്യക്കടത്തിന് സഹായകരമായ വിധത്തില്‍ വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് നിയമവിരുദ്ധ ഉത്തരവ് ഇറക്കുകയായിരുന്നു. ഇത് സിബിഐയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
പാസ്പോര്ട്ടില് കൃത്രിമം കാട്ടിയതിനു പിടിക്കപ്പെട്ട നിരവധി പേരെ മലപ്പുറത്തെ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ നടപടിയില്‍ നിന്ന് ഒഴിവാക്കുകയും പാസ്പോര്ട്ടുകള് വഴിവിട്ടു പുതുക്കി നല്‍കുകയും ചെയ്തതു ചീഫ് പാസ്പോര്‍ട്ട് ഓഫിസര്‍ നല്കിയ ചട്ടവിരുദ്ധ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നു സിബിഐ കണ്ടെത്തി. മലപ്പുറം പാസ്പോര്‍ട്ട് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ മുക്തേഷ് കുമാര്‍ പര്‍ദേശിയുടെ നിയമവിരുദ്ധ ഉത്തരവ് സിബിഐ പിടിച്ചെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെയും പ്രതിയാക്കുമെന്നാണ് സൂചന.
മുക്തേഷ് കുമാര്‍ കഴിഞ്ഞ ഡിസംബര്‍ 12ന് മലപ്പുറത്തെത്തി. അവിടെ അദ്ദേഹം മലപ്പുറം, കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാരുടെ യോഗം വിളിച്ചു. കൃത്രിമം നടത്തിയതിന് എമിഗ്രേഷന്‍ വകുപ്പ് പിടികൂടി റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസുകളിലേക്കു കൈമാറുന്ന പാസ്പോര്ട്ടുകള് നടപടി കൂടാതെ പുതുക്കി നല്കാന് ഇദ്ദേഹം ഈ യോഗത്തില്‍ ഉത്തരവു നല്‍കുകയായിരുന്നു.
പാസ്പോര്ട്ടില് കൃത്രിമം നടന്നതായി ബോധ്യപ്പെട്ടാല്‍ അത് പോലീസ് അന്വേഷണത്തിനു വിടണമെന്നാണു പാസ്പോര്‍ട്ട് മാന്വലിലെ നിര്‍ദേശം. ഇത്തരം പാസ്പോര്ട്ടുകള് ഉടമകള്‍ക്ക് തിരിച്ചു നല്‍കരുതെന്നും മാന്വലില്‍ വ്യവസ്ഥയുണ്ട്. കൃത്രിമം കാണിച്ചതിനു പിടികൂടുന്ന പാസ്പോര്ട്ടുകള് ഉടമയ്ക്കു തിരിച്ചു കൊടുക്കാന്‍ പാടില്ലെന്ന് പാസ്പോര്‍ട്ട് ആക്റ്റിലും വ്യക്തമായി നിഷ്കര്‍ഷിക്കുന്നു. പാര്‍ലമെന്റ അംഗീകരിച്ച ഈ നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായാണ് മലപ്പുറം, കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസുകള്‍ക്ക് മാത്രം ബാധകമാകുന്ന വിധത്തില്‍ ഇതിനു കടകവിരുദ്ധമായ ഉത്തരവ് ചീഫ് പാസ്പോര്‍ട്ട് ഓഫിസര്‍ നല്‍കിയതെന്നു സിബിഐ ചൂണ്ടിക്കാട്ടുന്നു.
നിയമപരമായി നിലനില്‍പ്പില്ലാത്ത ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ഡിസംബര്‍ മുതല്‍ മലപ്പുറം റീജനല്‍ പാസ്പോര്‍ട്ട് ഓഫിസില്‍ വന്ന കൃത്രിമ പാസ്പോര്‍ട്ട് കേസുകള്‍ തുടര്‍നടപടികള്‍ക്കു വിടാതെ പാസ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്തു പുതുക്കിനല്കിക്കൊണ്ടിരുന്നത്. ഇത്തരം 50ഓളം കേസുകളാണു സിബിഐയുടെ പരിശോധനയില്‍ കണ്ടെത്തിയത്.
വീട്ടുജോലിക്കായി ഗള്‍ഫില്‍ പോകാന്‍ പാസ്പോര്ട്ടില് വയസ് തിരുത്തിയ സ്ത്രീകളാണ് ഇവരില്‍ ഭൂരിഭാഗം പേരും. ഗള്‍ഫില്‍ നിന്നു തിരിച്ചുവരുമ്പോള്‍ എമിഗ്രേഷന്‍ പരിശോധനയില്‍ പിടിക്കപ്പെടുന്ന ഇവര്‍ ഏജന്റുമാര്‍ വഴിയും നേരിട്ടും പാസ്പോര്‍ട്ട് ഓഫിസറെ സമീപിച്ചു കേസില്‍ നിന്ന് ഒഴിവാകുകയും പാസ്പോര്‍ട്ട് പുതുക്കി വാങ്ങുകയുമാണു ചെയ്തിരുന്നത്.
ഡിസംബര്‍ വരെ ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ പോലീസും പാസ്പോര്‍ട്ട് ഓഫിസും ഉചിതമായ നിയമനടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് സിബിഐ പറയുന്നു. ഡിസംബര്‍ 12നു മുക്തേഷ് കുമാര്‍ പര്‍ദേശി ഉത്തരവു നല്‍കിയതിനു ശേഷമാണ് ഇത്തരം പാസ്പോര്ട്ടുകള് നടപടിയില്ലാതെ പുതുക്കി നല്കാന് തുടങ്ങിയത്. വയസ് തിരുത്തിയ പാസ്പോര്ട്ടുകള് പിടിച്ചെടുത്ത കരിപ്പൂരിലെ അന്നത്തെ എമിഗ്രേഷന്‍ വിഭാഗം ഡിവൈഎസ്പിയെ മുക്തേഷ് കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്കു വിളിപ്പിച്ചു രൂക്ഷമായി ശാസിച്ചതായും സിബിഐക്ക് മൊഴി ലഭിച്ചിട്ടുണ്ട്. പാസ്പോര്ട്ടില് കൃത്രിമം കാട്ടിയ 137 കേസുകളാണ് ഈ ഉദ്യോഗസ്ഥന് പിടികൂടി നിയമനടപടിക്കു വിട്ടത്.
ഈ ഉദ്യോഗസ്ഥനെ സിബിഐ പിടികൂടുന്നതോടെ വി.എസ്. അച്യുതാനന്ദന് ഉന്നയിച്ച പ്രശ്നങ്ങള്‍ പുറത്തുവരുമെന്നാണറിയുന്നത്. ഇതിലൂടെ കേന്ദ്രമന്ത്രി ഇ. അഹമ്മദും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സംശയത്തിന്റെ നിഴലിലാവുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: