കൊച്ചി: ‘പിതാവും പുത്രനും’ എന്ന സിനിമ സന്ന്യാസി സമൂഹത്തെയും ന്യൂനപക്ഷങ്ങളേയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി.കോശിയുടെ ഉത്തരവ് ദുര്‍ബലപ്പെടുത്തണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സിസ്റ്റര്‍ അഭയ കൊലക്കേസ്, തൃശ്ശൂര്‍ പാവര്‍ട്ടിയിലെ ജീസാ മോള് വധം, ആലപ്പുഴയിലെ ശ്രേയ കൊലക്കേസ് തുടങ്ങിയ കേസുകളില്‍ പ്രതി സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് കത്തോലിക്കാ പുരോഹിതന്മാരാണ്. നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിലും പ്രതിസ്ഥാനത്ത് കത്തോലിക്കാ പുരോഹിതനുണ്ട്. നിരവധി ക്രിമിനല്‍ കേസുകളിലും സ്ത്രീ പീഡനക്കേസുകളിലും ക്രൈസ്തവ പുരോഹിതര്‍ അകപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ കൊല ചെയ്ത കുറ്റത്തിന് കത്തോലിക്കാ പുരോഹിതര്‍ ജീവപര്യന്തം തടവ് അനുഭവിച്ചിട്ടുണ്ട്. ഇങ്ങനെ തടവ് അനുഭവിച്ച മറിയക്കുട്ടി കൊലക്കേസിലെ ഫാദര്‍ ബനഡിക്ടിനെ പുണ്യവാളനാക്കാന്‍ കത്തോലിക്കാ സഭ കുതന്ത്രങ്ങള്‍ മെനയുകയാണ്. സിസ്റ്റര്‍ അഭയ കേസിലെ വിചാരണ നേരിടുന്ന പ്രതികളായ പുരോഹിതരെ പൗരോഹിത്യത്തില്‍നിന്ന് പുറത്താക്കുന്നതിനു പകരം, അവര്‍ തങ്ങള്‍ നിരപരാധികളാണെന്ന് കാണിച്ച് അയച്ച കത്തുകള്‍ ഇടയലേഖനംപോലെ പള്ളികളില്‍ വായിക്കുകയാണ് സഭ ചെയ്തത്.
ഹീനകൃത്യങ്ങള്‍ നടത്തുന്ന പൗരോഹിത്യത്തിന്റെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടുന്ന ഒരു സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലുണ്ടെന്ന് അറിഞ്ഞ് ഒരു ബിഷപ്പ് പരാതി നല്‍കിയിട്ടുണ്ട്. ആ സിനിമ കാണാതെ പൗരോഹിത്യ ധാര്‍ഷ്ട്യത്തിന്റെ കുഴലൂത്തുകാരനായി മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് മാറിയിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഇത് സംബന്ധിച്ച ഉത്തരവ് ദുര്‍ബലപ്പെടുത്തണം. അധികാര ദുര്‍വിനിയോഗം നടത്തി കമ്മീഷന് സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും സെക്രട്ടറിക്കും അയച്ച കത്തുകള്‍ പിന്‍വലിക്കണമെന്ന് ലാലന് തരകനും ആന്റോ കോക്കാട്ടും പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: