കൊച്ചി: സ്തനാര്‍ബുദ സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനുമായി മലയാളി വിദ്യാര്‍ത്ഥി ഓസ്ട്രേലിയയില്‍ ശ്രദ്ധേയനാകുന്നു. എറണാകുളം കലൂര്‍ സ്വദേശിയും ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ സഞ്ജയ് ശ്രീകുമാറാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.
ഗൂഗിളിന്റെ ഓസ്ട്രേലിയ, ന്യൂസിലന്റ് ബ്രാന്‍ഡിങ്ങ് മാര്‍ക്കറ്റിങ് വിഭാഗം ഈ ആപ്ലിക്കേഷന്റെ പ്രചാരണത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് എന്നറിയുമ്പോഴാണ് സഞ്ജയിന്റെ കണ്ടുപിടിത്തത്തിന്റെ റേഞ്ച് ബോധ്യപ്പെടുക.
അനായാസം ഉപയോഗം സാധ്യമാകും വിധമാണ് ഇതിന്റെ രൂപകല്പന. മാസം തോറുമുള്ള പരിശോധനകള്‍ ഓര്മപ്പെടുത്താനായുള്ള റിമൈന്‍ഡര്‍ സര്‍വീസ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്. സ്വയം പരിശോധനാവേളയില്‍ എന്തെങ്കിലും സംശയാസ്പദമായി തോന്നിയാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സെന്റര്‍ കണ്ടുപിടിക്കാനായി ഒരു പാനിക് ബട്ടനും സജ്ജീകരിച്ചിട്ടുണ്ട്.
സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണത്തിനായി ഫോണ്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, ഒരു സംഘടനയ്ക്കും സഞ്ജയും സുഹൃത്തുക്കളും രൂപം നല്‍കിയിട്ടുണ്ട്. യാപ് (യങ്ങ് അഡല്‍റ്റ്സ് പ്രോഗ്രാം ലിമിറ്റഡ്) എന്നു പേരിട്ടിരിക്കുന്ന യുവാക്കളുടെ സംഘം ഇതിനകംതന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ നടന്ന യാപിന്റെ പ്രകാശനച്ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഓസ്ട്രേലിയന്‍ എം.പിമാരും പങ്കെടുത്തു.
പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് റേസിങ് ബ്രെസ്റ്റ് ക്യാന്‍സര്‍ അവയര്‍നസ് ഗ്രൂപ്പ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും ഈ ഗ്രൂപ്പിലെ അംഗമാണ്. ദീര്‍ഘനാളായി ഓസ്ട്രേലിയയിലാണ് സഞ്ജയും കുടുംബവും. പ്രമുഖ ഐടി സ്ഥാപനമായ വെബ്നെറ്റ് വര്‍ക്കിലെ സിഇഒ ആയ ഡോ. ശ്രീകുമാറിന്റെയും, സുനിതയുടെയും മകനാണ് സഞ്ജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: