ജോഹന്നാസ്ബര്‍ഗ്: ചില വിദേശമാധ്യമങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ വിമോചന നായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയുടെ മരണത്തിനായി കഴുകന്മാരെ പോലെ കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ മകള്‍ മകാസിവെ. മണ്ടേലയുടെ സ്വകാര്യതയിലേക്ക് മാധ്യമങ്ങള്‍ കടന്നുകയറ്റം നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.
ഏത് സമയത്തും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് മണ്ടേല. അദ്ദേഹം ജീവനുവേണ്ടി മല്ലിടുകയാണ്. കുടുംബാംഗങ്ങള്‍ വിളിച്ചാല്‍ കണ്ണ് തുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മണ്ടേലയുടെമകള് പറയുന്നു. മണ്ടേലയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പേരക്കുട്ടികളുമൊത്താണ് മകാസിവ ആശുപത്രിയിലെത്തിയത്.
അതേസമയം മണ്ടേലയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ദൃശ്യമായി. എന്നാല്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 94 കാരനായ മണ്ടേലയെ ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്നാണ് പ്രിട്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മൊസംബിക് പര്യടനം റദ്ദാക്കി.
വ്യാഴാഴ്ച മണ്ടേയെ സന്ദര്‍ശിച്ച ജേക്കബ് സുമ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. മണ്ടേലയുടെ കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദക്ഷിണാഫ്രിക്കയില്‍ എത്തുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഒബാമയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: