കൊച്ചി: തെറ്റയില്‍ ലൈംഗിക വിവാദം വേണ്ടവിധത്തില്‍ ഉയര്ത്തിക്കൊണ്ടുവരുന്നില്ലെന്ന ആക്ഷേപം യുഡിഎഫില്‍ അഭിപ്രായഭിന്നതക്ക് കാരണമായി. തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസിലേയോ, യുഡിഎഫിലേയോ പ്രമുഖര്‍ രംഗത്തു വരാത്തത് ശ്രദ്ധേയമായി. ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ലൈംഗിക വിവാദം കുത്തിപ്പൊക്കിയതെന്നകാര്യ പരസ്യമായ രഹസ്യമാണ്. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഒരു മന്ത്രിയും ജേക്കബ് ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവുമാണ് തെറ്റയിലിനെതിരെ പരാതി നല്കാന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതിനുപിന്നിലെന്ന വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
തെറ്റയിലിനെതിരെയുള്ള പരാതിയും, സിഡിയും പുറത്തുവന്നതോടെ സോളാര്‍കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. സംഭവം പുറത്തുകൊണ്ടുവന്ന് വിവാദമാക്കിയവര്‍ക്കും ഇതുതന്നെയായിരുന്നു ആവശ്യം. എന്നാല്‍ യുഡിഎഫ് ഘടകകക്ഷിയായ ജേക്കബ് ഗ്രൂപ്പിന്റെ രാഷ്ട്രീയ ലക്ഷ്യം മറ്റൊന്നായിരുന്നു.
തെറ്റയില്‍ രാജിവച്ച് ഒഴിഞ്ഞാല്‍ അങ്കമാലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുവരും. ഈ അവസരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്റെ രാഷ്ട്രീയഭാവി ശോഭനമാക്കാം എന്നാണ് ജേക്കബ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവിന്റെ കണക്കുകൂട്ടല്‍, എന്നാല്‍ രാജി സമ്മര്‍ദ്ദം ഗൗരവമായി ഉന്നയിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി തന്നോടൊപ്പം ഇല്ലാത്തത് നേതാവിനെ നിരാശനാക്കിയിരിക്കുകയാണ്.
തെറ്റയിലിനെതിരെയുള്ള ആരോപണവും പരാതിയും വീണ്ടും കുത്തിപ്പൊക്കിയത് ഒരു കോണ്‍ഗ്രസ് മന്ത്രിയൊണെന്ന കാര്യം മുന്നണിയിലുള്ളവര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും അറിയാം. പക്ഷെ രാജിക്കുവേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തമാകാത്തതിനുപിന്നിലെ രഹസ്യമാണ് ആര്‍ക്കും പിടികിട്ടാത്തത്. സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടവര്‍ തെറ്റയിലിനെ ചൂണ്ടിക്കാട്ടി രംഗത്തുനിന്നും തടിതപ്പിയോ? ഈ സംശയം പൊതുജനങ്ങള്‍ക്കുണ്ട്. അവസരം മുതലാക്കി മുഖ്യമന്ത്രി രക്ഷപെട്ടെന്ന് ആശ്വാസത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പിന്‍വാങ്ങിയോ? ഈ സംശയം ഭരണകക്ഷിയിലെതന്നെ ഒരു വിഭാഗത്തിനും മുന്നണിയിലെ മറ്റു ഘടക കഷികള്ക്കും, ഉണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: