പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇവിടെ കുടില്‍ കെട്ടി താമസിച്ചിരുന്നവരില്‍ അമ്പതോളം കുടുംബങ്ങള്‍ കോഴഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ കയറി താമസം ആരംഭിച്ചു.
മാസങ്ങള്‍ക്കു മുമ്പു് സിപിഎമ്മിന്റെ മിച്ചഭൂമി സമരത്തെ തുടര്‍ന്നാണ് 406 കുടുംബങ്ങള്‍ ഇവിടെ കുടില്‍ കെട്ടി താമസം ആരംഭിച്ചത്. ഇവരില്‍ ഭൂരിഭാഗം കുടുംബങ്ങളും ബന്ധു വീടുകളിലേക്കു പോയെങ്കിലും ബാക്കിയുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ താമസം ആരംഭിക്കുകയായിരുന്നു. മലിനമായി കിടക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ നിലത്ത് കാഡ്ബോര്ഡുകളും മറ്റും നിരത്തിയാണ് പ്രായമേറെ ചെന്നവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്നത്. ഇത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരകമായ പകര്‍ച്ചവ്യാധികള്‍ പിടിപെടുവാനും സാദ്ധ്യത ഏറെയാണ്.
ഇവര്‍ താമസിക്കുന്നത് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിനു മുമ്പിലായതിനാല്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം മാത്രമാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചത്. കോഴഞ്ചേരി തഹസില്‍ദാര്‍ ഡാനിയല്‍ മാത്യു ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്കു വേണ്ട സഹായങ്ങളെത്തിച്ചു കൊടുക്കുവാനുള്ള നടപടികളൊന്നുമെടുത്തില്ല. ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത് ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതിയാണ്.
വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി വയലുകള്‍ നികത്തിയതോടൊപ്പം കോഴിത്തോടും നികത്തിയിരുന്നു. ഇതോടെ നീരൊഴുക്കു നിലച്ച് പമ്പയിലേക്ക് വെള്ളം ഒഴുകി പോകാത്തതാണ് ഇവിടം മുങ്ങുവാന്‍ കാരണം. വിമാനത്താവളത്തിനായി നിര്‍മ്മിച്ച റണ്‍വേയും അഞ്ച് അടിയിലേറെ വെളളത്തിനടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: