റിയോ ഡി ജെയിനെറോ: ബ്രസീലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശമിക്കുന്നില്ല. സമരക്കാരുടെ ചില ആവശ്യങ്ങള്‍ ഭരണകൂടം അംഗീകരിച്ചെങ്കിലും പ്രക്ഷോഭം കെട്ടടങ്ങുന്നതിന്റെ ലക്ഷണമില്ല.
കഴിഞ്ഞ ദിവസംബ്രസീല് -ഉറുഗ്വെ കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമി ഫൈനല്‍ അരങ്ങേറിയ ബെലി ഹോറിസോന്റയിലെ സ്റ്റേഡിയത്തിന് മുന്നില്‍ പ്രക്ഷോഭകാരികളും പോലീസും ഏറ്റുമുട്ടി. നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഡിയത്തിനുമുന്നില്‍ പ്രകടനമായെത്തിയ 50000ത്തോളംപേര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷകാരണം. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകവെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ചിതറിയോടിയ പ്രക്ഷോഭകാരികളില്‍ ചിലര്‍ സമീപത്തെ കടകള്‍ തകര്‍ത്തു. വാഹനങ്ങളും അഗ്നക്കിരയാക്കി.
സാമൂഹിക അസമത്വത്തിനെതിരെ സമരം ചെയ്യുന്നവര്‍ തലസ്ഥാനമായ ബ്രസീലിയയിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഫുട്ബോളുകള്‍ നിരത്തി പ്രതിഷേധിച്ചു. വിലക്കയറ്റവും ദാരിദ്ര്യവുംമൂലം ജനം പൊറുതിമുട്ടുമ്പോള്‍ ഫുട്ബോള്‍ ടൂര്ണമെന്റുകളടക്കമുള്ള കായിക മാമാങ്കങ്ങള്‍ക്ക് പണംവാരിയെറിയുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ബ്രസീലില്‍ പ്രക്ഷോഭം ആരംഭിച്ചത്. സമരം ശക്തമായതിനെ തുടര്‍ന്ന് പ്രസിഡന്റ് ദില്‍മ റൂസഫ് ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അഴിമതി അവസാനിപ്പിക്കുക, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ ജനങ്ങള്‍ ഏറെ പണംചെലവാക്കേണ്ട അവസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭകാരികള്‍ മുന്നോട്ടുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: