കൊല്ലം: മുന്‍രാഷ്ട്രപതിയുടെ പേര് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ തട്ടിപ്പ് പുറത്തുവന്നു. ഡോ.കെ.ആര്.നാരായണന് നാഷണല്‍ ഫൗണ്ടേഷന് എന്ന പേരില്‍ രൂപീകരിച്ച സംഘടനയാണ് തട്ടിപ്പ് വ്യാപകമായി നടത്തുന്നത്.
സംഘടന നല്‍കാമെന്ന് പ്രഖ്യാപിക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്ത പ്രതിമാസ ചികിത്സാധനസഹായം 106 ക്യാന്‍സര്‍ രോഗികള്‍ക്കും ഇതുവരെയും ലഭിച്ചിട്ടില്ല. മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനെ കൊണ്ട് 2013 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. കോണ്‍ഗ്രസിന്റെ പിന്തുണയുള്ള ഫൗണ്ടേഷനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിവ്യവസായികളില് നിന്നും വന്‍തുകകള്‍ സംഭാവനയായി പിരിച്ചാണ് സംഘടന തട്ടിപ്പ് നടത്തുന്നത്.
എന്നാല്‍ ഇതൊന്നുമറിയാത്ത പാവപ്പെട്ട കാന്‍സര്‍ രോഗികളാണ് വെട്ടിലായത്. തുച്ഛമായ ഒരു തുകയാണ് ഫൗണ്ടേഷന് മാസാമാസം നല്‍കാമെന്ന് ഉറപ്പ് നല്കിയതും അതിന്റെ പേരില്‍ ഗവര്‍ണര്‍ക്കുമുന്നില്‍ വിളിച്ചുവരുത്തി സമാരംഭം കുറിച്ചതും. എന്നാല്‍ ഉദ്ഘാടനം ദിവസം ആദ്യത്തെ ഗഡു തന്നതല്ലാതെ ഇതുവരെയും പണമൊന്നും തന്നിട്ടില്ലെന്ന് പനയം, കൊട്ടാരക്കര, അഞ്ചാലുംമൂട് സ്വദേശിനികളായ സ്ത്രീകള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നേരിട്ട് ബന്ധപ്പെട്ടപ്പോഴും നിരാശയുണ്ടായെന്നും അവര്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ തങ്ങള്‍ക്ക് സഹായം തരുമെന്ന വ്യാജേന നടത്തുന്ന തട്ടിപ്പുകള്‍ അധികാരികളുടെ മുന്നില്‍ അറിയിക്കുന്നതിന് തയ്യാറെടുക്കുകയാണിവര്‍.
ഫെബ്രുവരിയില്‍ കൊല്ലത്ത് സംഘടിപ്പിച്ച ഫൗണ്ടേഷന് സമ്മേളനം ഉദ്ഘാടനം ചെയ്തതും വക്കം പുരുഷോത്തമനായിരുന്നു. ചടങ്ങില്‍ മഹിളാകോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയായിരുന്നു അധ്യക്ഷ. അവാര്‍ഡ് വിതരണസമ്മേളനത്തിന്റെ പേരിലിറക്കിയ നോട്ടീസില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമെല്ലാം ഉള്‍പ്പെട്ടിരുന്നെങ്കിലും അവരൊന്നും തന്നെ പങ്കെടുത്തില്ല.
തമിഴ്നാട്ടില്‍ വിദ്യാഭ്യാസമേഖലയില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ യുവവ്യവസായിയടക്കം അത്ര പ്രശസ്തരല്ലാത്ത ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനയുടെ പേരിലുള്ള അവാര്‍ഡ് നല്കി. ഇതില്‍ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമയും ഉള്‍പ്പെടുന്നു. അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് തന്നെ ഇദ്ദേഹത്തില്‍ നിന്നും വന്‍തുക സംഘാടകര്‍ കൈപ്പറ്റിയതായാണ് വിവരം. എളിയ നിലയില്‍ തുടങ്ങി സ്വപരിശ്രമത്താല്‍ രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ കെ.ആര്.നാരായണന്റെ പേരിലുള്ള പുരസ്കാരം എന്നാണ് ഫൗണ്ടേഷന് പ്രചാരണം നടത്തിയത്. അതിനാല്‍ തന്നെ പല പ്രമുഖരും സംഘടനയുടെ തട്ടിപ്പില്‍ വീണുപോയതാണെന്ന് അറിയുന്നു.
വര്‍ഷത്തില്‍ ഒരു അവാര്‍ഡ്ദാന സമ്മേളനം നടത്തി പ്രമുഖരായവരെ പങ്കെടുപ്പിച്ച് ആദരിച്ചും പൊതുപ്രവര്ത്തനത്തിനെന്ന വ്യാജേന അവാര്‍ഡ് നല്‍കിയുമാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ തട്ടിപ്പ് തുടരുന്നത്. ഒരു പേരില്‍ ഒറ്റ അവാര്‍ഡ് മാത്രമേ നല്കാവു എന്നുള്ളപ്പോള്‍ ഒരേ സമയം ഒരേ പേരില്‍ നിരവധി പേര്‍ക്ക് അവാര്‍ഡ് വാഗ്ദാനം ചെയ്താണ് അവരില്‍ നിന്നും പണം മുന്‍കൂറായി പിരിച്ചെടുക്കുന്നത്. ഇതിന് തയ്യാറല്ലാത്തവരില് നിന്നും പണമൊന്നും വാങ്ങാതെ അവരുടെ ജനപിന്തുണ പ്രയോജനപ്പെടുത്താനും അതിന്റെ പേരില്‍ പരസ്യപ്രചരണം നടത്തി സംഘടനയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കാനും ഇവര്‍ ശ്രമിക്കുകയാണ്.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: