തൃശൂര്‍ : കോടികള്‍ ചിലവഴിച്ച് ലോകലഹരിവിരുദ്ധദിനം ആചരിക്കുമ്പോഴും സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ വില്പന ഇരട്ടിയായി. ഹാന്‍സ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങളുടെ വില്പനയാണ് മുന്‍ വര്‍ഷത്തേക്കാള്‍ വില്പനയില് റിക്കാര്‍ഡ് ഭേദിച്ചത്. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകാവുന്ന പുകയില ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം കര്‍ശനമല്ലാത്തതിനാല്‍ പുകയില ഉത്പന്ന വില്പന തകൃതിയായി നടക്കുന്നു.
സ്കൂള്‍ – കോളേജ് പരിസരത്ത് വില്പന കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളിലെ വില്പനയും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എക്സൈസ് വകുപ്പ് നടത്തുന്ന റെയ്ഡുകളിലാണ് പലപ്പോഴും പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നത്. എന്നാല്‍ എക്സൈസ് വകുപ്പിന് നിയമനടപടി എടുക്കാന്‍ അധികാരം നല്‍കിയിട്ടില്ല. ഇതിനാല്‍ പലപ്പോഴും പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്. എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിക്കപ്പെടുന്ന പുകയില ഉത്പന്നങ്ങളും പ്രതികളേയും പോലീസിന് കൈമാറുവാന്‍ മാത്രമെ എക്സൈസിന് ഇപ്പോള്‍ അധികാരമുള്ളു.
അന്യസംസ്ഥാന തൊഴിലാളികള്‍, കേരളത്തില്‍ വര്‍ദ്ധിച്ചതോടെയാണ് പുകയില ഉത്പന്നങ്ങളുടെ ചിലവ് ഇരട്ടിയാകാന്‍ കാരണമായത്. ഇവര്‍ തിങ്ങിപ്പാര്‍ക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന പരിസരങ്ങളിലാണ് പുകയില ഉത്പന്നങ്ങളുടെ വില്പന കേന്ദ്രീകരിച്ചിട്ടുള്ളത്. നാലുമാസംമുമ്പ് ആലപ്പുഴ സക്കറിയ ബസാറില്‍ നിന്നും രണ്ട് ലോഡ് പുകയില ഉത്പന്നങ്ങളാണ് എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങളും പ്രതിയേയും എക്സൈസ് ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറിയിരുന്നു. അടുത്ത ദിവസം ഇവര്‍ ജാമ്യമെടുത്ത് പുറത്തിറങ്ങുകയും ചെയ്തു. നിലവില്‍ എക്സൈസുകാര് പിടികൂടുന്ന ഉത്പന്നങ്ങളും പ്രതികളേയും പോലീസിനോ ഭക്ഷ്യവകുപ്പിനോ കൈമാറണം എന്നാണ് നിയമം.
പുകയില ഉത്പന്നങ്ങളുടെ നിരോധനം പൂര്‍ണമായും നടപ്പിലാകണമെങ്കില്‍ എക്സൈസ് വകുപ്പിന് അധികാരം നല്‍കണമെന്ന ആവശ്യം കുറെ വര്‍ഷങ്ങളായി നിലവിലുണ്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നടപ്പിലാക്കാതിരിക്കുകയാണ്. ആലപ്പുഴയില്‍ പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ രാഷ്ട്രീയസമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസൊതുക്കിയതായും ആക്ഷേപമുണ്ട്. യുഡിഎഫിലെ പ്രമുഖകക്ഷി ഇടപെട്ടാണ് ഈ കേസ് ഒതുക്കിയത്. നിലവില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്ന ഉത്പന്നങ്ങള്‍ കത്തിച്ചുകളയുകയാണ് പതിവ്.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: