എരുമേലി: സാമ്പത്തിക ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തില്‍ തസ്തികകള്‍ വെട്ടിക്കുറച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
ബോര്‍ഡിന്റെ കീഴിലെ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരെ വരുമാനം കുറഞ്ഞതും, നിലവില്‍ ജോലി ഒഴിവുള്ള ക്ഷേത്രങ്ങളിലേക്ക് മാറ്റി നിയമിക്കുന്ന രീതിയാണ് തുടങ്ങിയിരിക്കുന്നത്. എരുമേലി, മലയാലപ്പുഴ, ആറന്മുള, ചെട്ടികുളങ്ങര, മാവേലിക്കര, ഹരിപ്പാട്, വള്ളിയാങ്കാവ് തുടങ്ങിയ വലിയ ക്ഷേത്രങ്ങളിലെ ജീവനക്കാരെയാണ് തുടക്കത്തില്‍ മാറ്റുന്നത്. ഇത് വലിയ ക്ഷേത്രങ്ങളിലെ അവശേഷിക്കുന്നവരുടെ ജോലിഭാരം കൂട്ടുകയും ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തെതന്നെ സാരമായി ബാധിക്കുമെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വലിയ ക്ഷേത്രങ്ങളിലെ വാച്ചര്‍, സംമ്പന്ധി, കഴകം തുടങ്ങിയ ജോലികളിലുള്ളവരെയാണ് ഇപ്പോള്‍ മാറ്റുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് പുതുതായി നിയമനമുണ്ടാകില്ല. പകരം പുനര്‍വിന്യാസത്തിലൂടെ നിയമിക്കുന്ന രീതിയാണ് ബോര്‍ഡ് തുടങ്ങിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ കണ്ഡയന്സി വിഭാഗത്തില്‍നിന്നും ക്ലാസ് ഫോര്‍ വിഭാഗത്തിലേക്ക് ഉയര്‍ത്തിയെങ്കിലും ശമ്പളയിനത്തില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടുമില്ല. ഇതിനിടയിലാണ് പുതിയ പരിഷ്കാരം വരുന്നത്.
വന്‍കിട ക്ഷേത്രങ്ങളിലെ അധിക ജീവനക്കാരെക്കുറിച്ചുള്ള അതാതു ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനര്‍വിന്യാസം നടക്കുന്നത്. പ്രാഥമികമായി ചില സബ് ഗ്രൂപ്പുകളിലെ ജീവനക്കാരെയാണ് മാറ്റിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിലുള്ള തൊഴിലന്വേഷകരുടെ ആശ്രയമാണ് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍. പുനര്‍വിന്യാസ നടപടി ഇത്തരക്കാരുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ പരീക്ഷ എഴുതിയവരും റാങ്ക് ലിസ്റ്റില്‍ വന്നവരുമടക്കം നിരവധിപേര്‍ ജോലി പ്രതീക്ഷയുമായി കാത്തിരിക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ നിയമന നിരോധനം തന്ത്രപരമായി നടപ്പാക്കുകയാണ് പുനര്‍വിന്യാസത്തിലൂടെ ചെയ്യുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പുനര്വിന്യസത്തില് നിന്നും തത്ക്കാലം ക്ഷേത്രങ്ങളിലെ ശാന്തിക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല സീസണ് അടക്കം വലിയ ക്ഷേത്രങ്ങളിലെ വിശേഷദിവസങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുവാന്‍ ബോര്‍ഡിന് കഴിയും. ഇത് ദേവസ്വം ബോര്‍ഡില്‍ വന്‍തോതിലുള്ള അഴിമതികള്‍ക്ക് വഴിതെളിക്കുമെന്നും ജീവനക്കാരും, ക്ഷേത്രോപദേശക സമിതികളും ചൂണ്ടിക്കാട്ടുന്നു.
എസ്. രാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: