ആലുവ: നാലുവര്‍ഷത്തിനുശേഷം ആലുവ പുഴ കരകവിഞ്ഞൊഴുകി മണപ്പുറത്തെ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ശിവക്ഷേത്രം വെള്ളത്തിനടിയിലാവുന്നത്. ആലുവ ശിവക്ഷേത്രത്തില്‍ പ്രത്യേക ആറാട്ടില്ല. എല്ലാവര്‍ഷവും കാലവര്‍ഷത്തില്‍ സ്വമേധയാ ഇത്തരത്തില്‍ ക്ഷേത്രം പൂര്‍ണമായി വെള്ളതില്‍ മുങ്ങി ആറാടണമെന്നാണ് ഐതീഹ്യം.
ആറാട്ടോടനുബന്ധിച്ച് ഇന്നലെ രാവിലെ തന്ത്രി ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന് നമ്പൂതിരി, മേല്‍ശാന്തി മുല്ലപ്പള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജ നടന്നു. ക്ഷേത്രം ആറാടിയതറിഞ്ഞ് നിരവധി ഭക്തജനങ്ങള്‍ ആറാട്ടുത്സവത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നു. ക്ഷേത്രം മുങ്ങിയതിനെത്തുടര്‍ന്ന് മണപ്പുറത്ത് നടത്തിയിരുന്ന ബലിചടങ്ങുകളും മറ്റും കരയിലേക്ക് മാറ്റുകയും ചെയ്തു.
ആലുവയെ സംബന്ധിച്ച് ഇത്തരത്തില്‍ ശിവക്ഷേത്രം മുങ്ങുന്നത് ആലുവ നിവാസികളുടെ പുണ്യമായാണ് കരുതപ്പെടുന്നത്. ശിവഭഗവാന് ചില വര്‍ഷങ്ങളില്‍ മൂന്നും നാലും തവണ ഇത്തരത്തിലുള്ള ക്ഷേത്രത്തില്‍ ആറാട്ട് നടക്കാറുണ്ട്. ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ട്. മണപ്പുറത്തെ കുട്ടിവനവും വെള്ളത്തിനടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: