മൂവാറ്റുപുഴ: പോലീസും നഗരസഭയും കൈ ഒഴിഞ്ഞ പശുക്കളെ അറവുകാര്‍ക്ക് വിട്ടു നല്കി. തമിഴ്നാട്ടില്‍നിന്നും ലോറിയില്‍ കുത്തി നിറച്ചുകൊണ്ടുവന്ന 14 പശുക്കളില്‍ അവശരായ രണ്ടെണ്ണത്തെ വെള്ളിയാഴ്ച മൂവാറ്റുപുഴയില്‍ വില്പ്പനക്കെത്തിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉടമയായ ഷമീറിനെതിരെ കേസെടുക്കുകയും ചെയ്തു. ഇന്നലെ നഗരസഭക്ക് കൈമാറിയ രണ്ടു പശുക്കളെ വന്‍തുക പിഴ അടപ്പിച്ച ശേഷം നഗരസഭ ഹെല്‍ത്ത് വിഭാഗം ഉടമയായ അറവുകാരന് കൈമാറി. ദേഹമാസകാലം പരിക്കുകളോടെ അവശനിലയിലായി കിടന്ന പശുവിന് വെള്ളമോ ഭക്ഷണമോ ആവശ്യമായ ചികിത്സയോ നല്‍കിയില്ല. കൊടുംമഴയത്ത് ലോറിയില്‍ നനഞ്ഞു വിറച്ചുകിടന്ന പശുക്കളെ അധികൃതര്‍ സംരക്ഷിക്കാനും തയ്യാറായില്ല. നഗരസഭയുടെ അറവുശാലയോട് ചേര്‍ന്നുള്ള പൗണ്ടി ലേക്ക് മാറ്റാമെന്നും സംരക്ഷണം നല്‍കാമെന്നും പോലീസിന് ഉറപ്പുനല്‍കിയ ചെയര്‍മാനും ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും പിന്നീട് കയ്യൊഴിഞ്ഞു. നഗരസഭക്ക് ഫണ്ടില്ലെന്നും സംരക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് ചെയര്മാന് പറഞ്ഞു. ഇത് മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും മൃഗസംഘടനയായ ദയയുടെ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും നഗരസഭ അധികൃതര്‍ ചെവിക്കൊണ്ടില്ല. പശുക്കളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടറോട് ആവശ്യപ്പെടേണ്ട പോലീസ് അതിന് തയ്യാറാകാതെ വന്നതോടെ പിഴ അടപ്പിച്ച് നഗരസഭ അധികൃതര്‍ ഉടമകളായ അറവുകാര്‍ക്ക് തന്നെ നല്കി. ആരോഗ്യ പരിശോധന നടത്തി വെറ്ററിനറി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തയ്യാറാകാത്തത് നിയമവിരുദ്ധവുമാണെന്ന് ദയ സെക്രട്ടറി പി.ബി.രമേഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: