മട്ടാഞ്ചേരി: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങുന്നു. പനിബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനക്ക് യാതൊരുവിധ ഫീസും ഈടാക്കരുതെന്ന മന്ത്രിയുടെ പ്രഖ്യാപനം ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ തിരസ്ക്കരിക്കുന്ന സാഹചര്യമാണ്. ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പനി ബാധിച്ചെത്തുന്നവരില്നിന്ന് പരിശോധനക്ക് ഫീസ് ഈടാക്കുന്നതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പനിബാധിതര്‍ക്ക് സൗജന്യചികിത്സ നല്‍കണമെന്ന മന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ലാബ് ടെസ്റ്റുകള്‍ക്കും ഫീസ് ഈടാക്കിയ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പനിബാധിതര്‍ക്കുള്ള പരിശോധനക്ക് ഫീസ് ഈടാക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിയുമായി ബന്ധപ്പെട്ട 4 ടെസ്റ്റുകള്‍ക്കാണ് പണം വാങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഇതിന് വിരുദ്ധമായി ഫീസ് ഈടാക്കുന്നതായി രോഗികള്‍ പരാതിപ്പെട്ടു. അതേസമയം ചെറിയ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ശാന്ത പറയുന്നത്. പരാതിയുള്ളവരില്‍നിന്ന് ഫീസ് വാങ്ങുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ പരിശോധനക്ക് ഫീസ് വാങ്ങുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസിന പറഞ്ഞു. സര്‍ക്കാര്‍ ലാബുകളില്‍ പനി ചികിത്സക്ക് പണം വാങ്ങാറില്ലെന്നും ഫോര്‍ട്ടുകൊച്ചിയിലെ പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു. ലാബില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്നിന്നുമാണ് ജീവനക്കാരെ നിയമിക്കുന്നത്. ഇവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍. പ്രഖ്യാപനങ്ങള്‍ മറികടന്നും പനിബാധിതരില്‍നിന്ന് ഫീസ് ഈടാക്കുന്നതത്രേ. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടെസ്റ്റുകള്‍ക്ക് പനിബാധിതരില്‍നിന്ന് ഫീസ് ഈടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.കെ. അഷറഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: