റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഇന്ന് ഇറ്റലിയും മെക്സിക്കോയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് ആദ്യ മത്സരത്തില്‍ ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിലാണ് അസൂറികള്‍ മെക്സിക്കന്‍ തിരമാലകളെ തകര്‍ത്ത് വിജയം സ്വന്തമാക്കാന്‍ ഇറങ്ങുന്നത്. രാത്രി 12.30നാണ് മത്സരം.
അപ്രതീക്ഷിതമായി കോണ്‍ഫെഡറേഷന്‍ കാപ്പിലേക്ക് യോഗ്യത നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റാലിയന്‍ ടീം. സ്പെയിന് ലോക-യൂറോ ചാമ്പ്യന്മാരായതോടെയാണ് റണ്ണേഴ്സായ ഇറ്റലിക്ക് ടൂര്ണമെന്റിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞത്. ലോകം കണ്ട ഏറ്റവും മികച്ച ഗോളിമാരിലൊരാളായ ജിയാന്‍ ലൂജി ബഫണിന്റെ നായകത്വത്തിലാണ് ഇറ്റലി ഇന്ന് കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ആദ്യ മത്സരത്തിനിറങ്ങുന്നത്. യൂറോ കിരീടവും ലോക കിരീടവും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഫെഡറേഷന്‍ കപ്പ് അസൂറികള്‍ക്ക് കിട്ടാക്കനിയാണ്. രണ്ടാം തവണയാണ് അസൂറികള്‍ കോണ്‍ഫെഡറേഷന്‍ കപ്പിനിറങ്ങുന്നത്. 2009-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലാണ് ഇറ്റലി ആദ്യമായി കോണ്‍ഫെഡറേഷന്‍ കാപ്പില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ തന്നെ പുറത്താവുകയും ചെയ്തു.
മികച്ച താരനിരയുമായാണ് ഇറ്റാലി കാനറികളുടെ നാട്ടിലെത്തിയിരിക്കുന്നത്. കരുത്തുറ്റ പ്രതിേരോധമാണ് ഇറ്റലിയുടെ കരുത്ത്. ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധമാണ് ഇറ്റലിക്കുള്ളത്. ആന്ദ്രെ ബര്സാഗ്ല, ലിയനാര്‍ഡോ ബൊനൂച്ചി, ജോര്‍ജിയോ ചില്ലേനി തുടങ്ങിയവര്‍ പ്രതിരോധത്തില്‍ കരുത്ത് കാട്ടാനിറങ്ങും. അതേപോലെ മധ്യനിരയും മികച്ചതാണ്. മിഡ്ഫീല്‍ഡര്‍ ജനറല്‍മാരായ ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും, ക്ലോഡിയോ മാര്ച്ചിസോയും റിക്കാര്‍ഡോ മോണ്ടിലിവോയും കളിമെനയാന്‍ ഇറങ്ങും. മരിയോ ബലോട്ടെല്ലിയും ആല്‍ബര്‍ട്ടോ ഗീലാര്ഡിനോ തുടങ്ങിയവരുള്‍പ്പെട്ട മുന്നേറ്റ നിരയും എത് പ്രതിരോധത്തെയും കീറിമുറിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇന്ന് കളിക്കാനിറങ്ങുന്നതോടെ ആന്ദ്രെ പിര്‍ലോ ദേശീയ ടീമിനായി 100 മത്സരങ്ങള്‍ കളിച്ച താരമെന്ന നാഴികക്കല്ലും പിന്നിടും. ഇതോടെ 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ എന്ന ബഹുമതിയും പിര്‍ലോ സ്വന്തമാക്കും.
തിരമാല കണക്കെ ആഞ്ഞടിക്കാനുള്ള കരുത്തുമായാണ് കോണ്‍കാകാഫ് ചാമ്പ്യന്മാരായ മെക്സിക്കോ ബ്രസീലിലെത്തുന്നത്. 33കാരനായ ഫ്രാന്‍സിസ്കോ ഹാവിയര്‍ റോഡ്രിഗസ് നയിക്കുന്ന ടീമില്‍ യുവനിരക്കാണ് മുന്‍തൂക്കം. 1999-ല്‍ സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ടീമെന്ന ബഹുമതിയും മെക്സിക്കോക്ക് അവകാശപ്പെട്ടതാണ്. മികച്ച മധ്യനിരയും മുന്നേറ്റനിരയും മെക്സിക്കോക്ക് സ്വന്തമാണ്. മധ്യനിരയില്‍ കളിമെനയാന്‍ ജിയോവാനി ഡോസ് സാന്റോസും ജെറാര്‍ഡോ ടൊറാര്ഡോയും ജാവിയര്‍ അക്വിനോയും ആന്ദ്രെ ഗുര്‍ഡാഡോയും ഇറങ്ങുമ്പോള്‍ ഗോളടിക്കാനുള്ള ചുമതല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസിനൊപ്പം എയ്ഞ്ചല്‍ റെയ്നക്കോ ആല്‍ഡോ ഡി നെഗ്രസിനോ റൗള്‍ ജിംനസിനോ ആയിരിക്കും.
20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെ വിജയം ലക്ഷ്യമാക്കിയായിരിക്കും അസൂറികള്‍ ഇന്ന് മെക്സിക്കോക്കെതിരെ ഇറങ്ങുക. 1993 ജനുവരിയാണ് ഇറ്റലി അവസാനമായി മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഇതിന് മുമ്പ് 11 തവണ ഏറ്റുമുട്ടിയതില്‍ 6 തവണ അസൂറികള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മെക്സിക്കോക്ക് ഒരു തവണയെ ജയം സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. നാല് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എന്നാല്‍ അവസാനമായി ഇരു ടീമുകളും കളിച്ചപ്പോള്‍ വിജയം മെക്സിക്കോക്കായിരുന്നു. 2010 ജൂണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെക്സിക്കോയുടെ വിജയം. എന്നാല്‍ അപരാജിതരായി 13 മത്സരങ്ങള്‍ പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് മെക്സിക്കോ. എന്നാല്‍ ഈ വര്‍ഷം കളിച്ച 9 മത്സരങ്ങളില്‍ എട്ടിലും സമനില വഴങ്ങേണ്ടിവന്നവരാണ് മെക്സിക്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: