കോതമംഗലം: ഒടുവില്‍ സ്റ്റീഫനെതേടി വനംവകപ്പിന്റെ പുരസ്കാരമെത്തി. കേരള വനംവകുപ്പ് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച പാമ്പുപിടുത്തക്കാരനുള്ള ജില്ലാ തല പുരസ്കാരമാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ താല്‍ക്കാലിക വാച്ചറും, പാമ്പുപിടുത്തത്തില്‍ വിദഗ്ദ്ധനായ ഞായപ്പിള്ളി കൊരട്ടിക്കുന്നേല്‍ കെ.വി.സ്റ്റീഫനെതേടിയെത്തിയത്.
തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ 1990 മുതല്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ചറായി ജോലി ചെയ്യുന്ന സ്റ്റീഫന്‍ 93 മുതലാണ് പാമ്പുപിടിത്തം ആരംഭിച്ചത്. വനമേഖലയായ കുട്ടമ്പുഴയിലും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഭീഷണിയായി ഉഗ്രവിഷമുള്ള പാമ്പുകള്‍ വീടുകളിലും മറ്റും കയറിയിരിക്കുക പതിവായതോടെ ഇവയെ പിടികൂടി വനത്തിലേക്ക് രക്ഷപെടുത്തുക എന്ന വനം വകുപ്പിന്റെ നയത്തിന്റെ ഭാഗമായാണ് പാമ്പുപിടുത്തത്തിലേക്ക് സ്റ്റീഫന്റെ ശ്രദ്ധതിരിഞ്ഞത്. രാജവെമ്പാലയും, മൂര്‍ഖനും, അണലിയും, ശംഖുവരയനും ഉള്‍പ്പെടെ മൂന്നുറോളം പാമ്പുകളെ ഇതിനോടകം സ്റ്റീഫന്‍ പിടികൂടിയിട്ടുണ്ട്. ജനവാസമേഖലകളിലെ അപകടകാരികളായ പാമ്പുകളെ പിടികൂടി അവയെ കാട്ടിലേക്ക് രക്ഷപെടുത്തുന്ന സ്റ്റീഫന്റെ സേവനത്തിന് നാട്ടുകാര്‍ നല്കിയ ഓമനപ്പേരാണ് പാമ്പ് സ്റ്റീഫന്‍ എന്നത്.
ഉഗ്രവിഷമുള്ള പന്ത്രണ്ടോളം രാജവെമ്പാലയെ അതിസാഹസികമായി സ്റ്റീഫന്‍ ഇതിനോടകം പിടികൂടിയിട്ടുണ്ട്. പക്ഷിസങ്കേതത്തിന് സമീപമുള്ള വീടുകളില്‍ കയറിയവയായിരുന്നു ഇവയിലധികവും.
തികച്ചും പരമ്പരാഗത രീതിയില്‍ കൈ കൊണ്ട് പാമ്പ്പിടുത്തം പരിശീലച്ച സ്റ്റീഫന്‍ ഇതിനോടകം മൂന്ന് തവണ മാരകമായി പാമ്പുകടിയേറ്റിട്ടുണ്ട്. വൈക്കത്ത് ഒരു അംഗന്‍വാടിയില്‍ കയറി അണലിയെ പിടിക്കുന്നതിനിടയില്‍ വലതുകൈയ്യില്‍ കടിയേറ്റതിനെത്തുടര്‍ന്ന് തള്ളവിരലിന്റെ പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ടു. ഒടുവില്‍ 2012ല്‍ ഇടതുകൈയ്യില്‍ മൂര്‍ഖന്റെ കടിയേറ്റ് തള്ളവിരലിന്റെ ശേഷിയും നഷ്ടപ്പെട്ടു. 3 തവണയും ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ സ്റ്റീഫന്‍ സഹപ്രവര്‍ത്തകരുടേയും, നാട്ടുകാരുടേയും തള്ളവിരലിന്റെ ശേഷി നഷ്ടപ്പെട്ടിട്ടും പാമ്പ് പിടുത്തത്തിനായി എപ്പോഴും സന്നദ്ധനായി സ്റ്റീഫന്‍ മുമ്പന്തിയില്‍ തന്നെയുണ്ട്.
ജൂണ്‍ 5ന് ആലുവ മുപ്പത്തടം ഗവ.എച്ച്എസ്എസില്‍ നടക്കുന്ന ഹരിതകേരളം പദ്ധതിയുടെ മേഖലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വനം വകുപ്പ് സ്റ്റീഫന്‍ പുരസ്കാരം നല്കി ആദരിക്കും. സ്റ്റീഫനെപ്പോലെയുള്ളവരുടെ പ്രവര്‍ത്തനമികവ് വൈകിയാണെങ്കിലും അധികൃതര്‍ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: