പ്രിയതമന്റെ വേര്‍പാടോടെ ജീവിതം വഴിമുട്ടിയപ്പോള്‍ ചങ്കുറപ്പോടെ തെരഞ്ഞെടുത്ത തൊഴില്‍ ചെയ്യുന്ന മല്ലിക 15 വര്‍ഷമായി തൃശ്ശൂര്‍ റൗണ്ടിലെ നടുവിലാല്‍ ചുറ്റില്‍ സ്ഥിരസാന്നിദ്ധ്യമാണ്. വടക്കുംനാഥന് മുമ്പില്‍ ഇരുന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ തീവ്രയത്നത്തിലാണിവര്. എല്ലാ പിന്തുണയുമായി ഷാഹുല്‍ ഹമീദ് എന്ന പൊലീസ്അസിസ്റ്റന്റ് കമ്മീഷണറും. ബാഗും കുടയും നിര്‍മിക്കുന്നിടത്ത് സൂപ്പര്‍വൈസറായിരുന്നു. അവിടുന്നു പഠിച്ച പണിയാണ് കുട നന്നാക്കല്‍. ഭര്‍ത്താവ് അകാലത്തില്‍ മരിച്ചു. ഏറെ കടവും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും. തൃശ്ശൂരനടുത്ത് തിരൂരില്‍ താമസമാക്കിയ ഈ അന്യ സംസ്ഥാനക്കാരിക്ക് ഇന്ന് ഒരു ഗ്രാമം മുഴുവന്‍ തുണയുണ്ട്.
ആന്ധ്രയില്‍ പിറന്ന ഇവര്‍ പഠിച്ചതെല്ലാം തമിഴ്നാട്ടിലാണ്. അവിടെനിന്നും പരിചയപ്പെട്ട വിജയകുമാറിനെ ജീവിത പങ്കാളിയാക്കി. ഷൊര്‍ണൂരിലെ ഒരു നായര്‍ കുടുംബാംഗമാണയാള്. തൃശ്ശൂരില്‍ താമസമാക്കിയപ്പോഴൊന്നും കുടുംബക്കാര് അത്രക്കടുപ്പം കാണിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ വേര്‍പാടോടെ അവരും ഇടക്കിടെ വന്ന് ക്ഷേമാന്വേഷണം നടത്താറുണ്ട്. പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച കൊച്ചുവീട്ടിലാണ് താമസം.
ഒരു രാത്രി വീട്ടില്‍ ഭക്ഷണമൊരുക്കാന്‍ തുടങ്ങവെ ഉഗ്ര വിഷക്കാരനായ വെള്ളിക്കെട്ടന് കയ്യില്‍ കടിച്ചു. പാമ്പിനെ കൊന്ന് ഒരു പ്ലാസ്റ്റിക് കവറിലിട്ട്, എന്തിനും തുണയായുള്ള അടുത്ത വീട്ടിലെ രമണി ചേച്ചിയേയും കൂട്ടി ആശുപത്രിയില്‍ ചെന്നു. ആത്മാര്‍ത്ഥമായി തൊഴുതു പ്രാര്‍ത്ഥിക്കുന്ന വടക്കുംനാഥനേയും പാറമേക്കാവിലമ്മയേയും ഉള്ള് ചുട്ട് വിളിച്ചു. എന്റെ കുട്ടികള്‍ക്ക് തുണ വേണം. രണ്ട് ദിവസം കിടക്കേണ്ടിവരും എന്ന് ഡോക്ടര്‍മാര്‍. എന്തും വരട്ടേ എന്ന് കരുതി ആശുപത്രിയില്‍ നിന്നും മുങ്ങി. മനം നൊന്ത് ദൈവങ്ങളെ വിളിച്ചു. ഇന്നുവരേയും അവര്‍ക്ക് ഒരു കുഴപ്പവുമില്ല. പ്ലസ്ടുകാരന് വിഷ്ണു വിജയകുമാറും ഒമ്പതിലെത്തിയ വിഘ്നേഷ് വിജയകുമാറുമാണ് മല്ലികക്കെല്ലാം.
പിറന്നതും വളര്‍ന്നതും വലുതായതുമെല്ലാം ഓരോ സംസ്ഥാനത്താണെങ്കിലും തൃശ്ശൂര്ക്കാരെപ്പറ്റി പറയുമ്പോള്‍ ആയിരം നാക്കാണ് മല്ലികക്ക്. മൂത്തമകന്റെ പഠനച്ചെലവും മറ്റും നോക്കുന്നത് തിരൂര്‍ തടപ്പറമ്പിലെ ചിന്ത സാമൂഹ്യവേദിയാണ്. വെക്കേഷന് കാലത്ത് ചില്ലറ പണികള്‍ക്ക് വിഷ്ണു പോകും. നല്ല പെരുമാറ്റമായതിനാല്‍ ഏവര്‍ക്കും വലിയ കാര്യമാണ്. പോലീസ് വകുപ്പില്‍ സബ് ഇന്സ്പെക്ടറാവുകയാണ് ലക്ഷ്യം. അമ്മയുടെ പ്രാര്‍ത്ഥനയും മറ്റൊന്നല്ല. പരിഭവവും പരാതിയും എല്ലാം പടിഞ്ഞാറെ നടയില്‍ ഇരുന്ന് മല്ലിക പറയും. എല്ലാം നോക്കി നടത്തുന്ന വടക്കുംനാഥന് കുട നന്നാക്കി ഒരു ജന്മം തീര്‍ക്കുന്ന മല്ലികക്കും നാഥന് തന്നെയാണ്. മുജ്ജന്മ ബന്ധത്താലാണ് തൃശ്ശിവപേരൂരിന്റെ മണ്ണിലെത്തിയത്. മരിക്കുന്നതും ഈ പുണ്യ ഭൂമിയില്‍ വേണമെന്നാണ് അവരുടെ മോഹം. മുളംകുന്നത്ത് കാവ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു, ഓട്ടോ ഡ്രൈവര്‍ കോടതി ബാബു, തേക്കാനത്ത് കുറി കമ്പനി നടത്തുന്ന ഡാനി എന്നിവര്‍ ചെയ്തു തരുന്ന സഹായത്തിന് അതിരില്ല. ഒരു കൂടപ്പിറപ്പിനേക്കാളും ഉപകാരം അവരില്‍നിന്നും എനിക്കുണ്ട് എന്ന് അവര്‍ തുറന്നു പറയുന്നു.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: