ആലപ്പുഴ: ദേശീയപാത 47ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി. സ്ഥലമെടുപ്പ് നടപടികള്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ ദേശീയപാത അതോറിറ്റി ഓഫീസുകള്‍ അടച്ചുപൂട്ടുന്നു. ഇതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാവുക. സ്ഥലമെടുപ്പ് നടപടികള്‍ യഥാസമയം പൂര്‍ത്തിയാകാത്തതിനാല്‍ ദേശീയപാത പുനര്‍നിര്‍മാണത്തിന് പുനര്‍വിജ്ഞാപനം വേണ്ടിവരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇതോടെ അപ്രസക്തമായിരിക്കുകയാണ്. ഇതിനായി ചെലവഴിച്ച കോടികളും പാഴായി.
കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലും രാഷ്ട്രീയസമ്മര്ദ്ദങ്ങളുമാണ് സ്ഥലമെടുപ്പ് നടപടികള്‍ യഥാസമയം പൂര്‍ത്തിയാകാതിരിക്കാനുള്ള പ്രധാന കാരണം. ഒരുവശത്ത് റോഡ് വികസനത്തിനായി രംഗത്തുവരികയും മറുഭാഗത്ത് സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്താണ് രാഷ്ട്രീയക്കാരും സംഘടനകളും ദേശീയപാത വികസനം അട്ടിമറിച്ചത്. ആലപ്പുഴ ജില്ലയിലടക്കം സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളും ലാന്റ് അക്യുസിഷന്‍ നാഷണല്‍ ഹൈവ് ഡപ്യൂട്ടി കളക്ടര്‍ ഓഫീസും അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്.
സ്ഥലമേറ്റെടുക്കുന്നതിനായി ദേശീയപാത വിഭാഗത്തിന് റവന്യൂവകുപ്പില്‍ നിന്നാണ് ഉദ്യോഗസ്ഥരെ നല്‍കിയത്. ഇവരെ മുഴുവന്‍ തന്നെ പിന്‍വലിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച മൂന്ന് എ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത്. ഭൂമി നിലമോ പുരയിടമോയെന്നും സര്‍വേ നമ്പര്‍, താലൂക്ക്, വില്ലേജ്, ഭൂവുടമ സര്‍ക്കാരോ സ്വകാര്യ വ്യക്തികളോ എന്നീ വിവരങ്ങളായിരുന്നു മൂന്ന് എ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
മൂന്ന് എ നോട്ടിഫിക്കേഷന്‍ വന്ന് ഒരുവര്‍ഷത്തിനുള്ളില്‍ മൂന്ന് ഡി നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് നിയമം. ഇത് സാധിച്ചില്ലെങ്കില്‍ മൂന്ന് എ നോട്ടിഫിക്കേഷന്‍ അസാധുവാകും. ഇതുവരെ മൂന്ന് ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മൂന്ന് എ നോട്ടിഫിക്കേഷന്‍ വീണ്ടും പുറപ്പെടുവിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. കോടിക്കണക്കിന് രൂപയാണ് ഈയിനത്തില്‍ ദേശീയപാത അതോറിറ്റിക്ക് നഷ്ടമാകുന്നത്. ഇതുവഴി പദ്ധതി ചെലവ് വര്‍ധിക്കാനും സാധ്യതയേറി. ഈ സാഹചര്യത്തില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ റോഡ് നിര്‍മിക്കുകയാണെങ്കില്‍ വാഹനം ഓടിക്കാനുള്ള ചുങ്കവും വന്‍ തോതില്‍ ഉയരാനാണ് സാധ്യത.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: