ഇതെഴുതാനിരിക്കുന്നത് തൊടുപുഴയിലെ വീട്ടിലാണെങ്കിലും ഇന്ന് മനസ്സ് മുഴുവന്‍ തൃശ്ശിവപേരൂരിലായിരുന്നു. അവിടുത്തെ ഏറ്റവും പഴയ സംഘപ്രവര്‍ത്തകനായ ജി.മഹാദേവന് സഹസ്ര പൂര്‍ണചന്ദ്ര ദര്‍ശനഭാഗ്യം അനുഭവിക്കുന്ന ഇന്ന് അവിടെയെത്തി ചടങ്ങുകളില്‍ സംബന്ധിക്കണമെന്നും ആദരിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു. തല്ക്കാലത്തെ ആരോഗ്യസ്ഥിതിയില്‍ അത് സാധിക്കാതെ വന്നതിന്റെ ഇച്ഛാഭംഗവുമായിട്ടാണ് ഈ വരികള്‍ കുറിക്കുന്നത്. തൃശ്ശിവപേരൂരിലെ പ്രബുദ്ധരായ പൗരാവലിയും കേരളമെങ്ങും നിന്നെത്തിയ മുതിര്‍ന്ന സംഘപ്രവര്‍ത്തകരും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങുകളെ ധന്യമാക്കുന്ന രംഗം ഞാന്‍ മനസ്സില്‍ കാണുകയാണ്.
ജി.മഹാദേവന് ജിഎം എന്നും ജി എന്നുമുള്ള ചുരുക്കപ്പേരിലാണ് തൃശ്ശിവപേരൂരിലും കേരളമെങ്ങുമുള്ള സംഘവൃത്തങ്ങളിലുമറിയപ്പെടുന്നത്. ധനലക്ഷ്മി ബാങ്കിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേരിന്റേയും സ്ഥാനത്തിന്റേയും ചുരുക്കപ്പേരുകള്‍ ജിഎം എന്നായത് കൗതുകകരമായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി അദ്ദേഹവുമായി അടുത്ത പരിചയം പുലര്‍ത്താന്‍ കഴിഞ്ഞത് ഒരു വലിയ അനുഭവമാണ്. 1951 ല്‍ ഗുരുവായൂരില്‍ സംഘപ്രചാരകനായി എത്തിയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ അവസരമുണ്ടായത്. അക്കാലത്ത് പുതുതായി രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനത്തിലെ തൃശ്ശൂര്‍ജില്ലയിലേക്ക് ചേര്‍ക്കപ്പെട്ട പഴയ പൊന്നാനിത്താലൂക്കിന്റെ ഭാഗമായിരുന്ന ചാവക്കാട് താലൂക്ക് എന്ന് ഇന്നറിയപ്പെടുന്ന പ്രദേശം. സംഘത്തില്‍ ഇന്നത്തെ രൂപത്തിലുള്ള ജില്ലാ സമ്പ്രദായം നിലവില്‍ വന്നിട്ടില്ല. എറണാകുളത്ത് പ്രചാരകനായിരുന്ന പരമേശ്വര്‍ജി തന്നെ തൃശ്ശിവപേരൂരും ചാവക്കാട് ഗുരുവായൂര്‍ ഭാഗങ്ങളും നോക്കിവന്നു.
പുതിയതായി പ്രചാരകനായി വന്ന എനിക്ക് അവിടുത്തെ പഴയപ്രവര്‍ത്തകരെ പരിചയപ്പെടുവാനുള്ള അവസരം പരമേശ്വര്‍ജിയാണുണ്ടാക്കിയത്. ഒരിക്കല്‍ ഗുരുവായൂര്‍ക്ക് പോകും വഴി തൃശ്ശിവപേരൂരിലിറങ്ങി ലക്ഷ്മി പ്രസാദ് ബാങ്കില്‍ ജോലി ചെയ്യുന്ന മഹാദേവനെ പരിചയപ്പെടണമെന്ന പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആദ്യം അദ്ദേഹത്തെ കണ്ടത്. അടുത്തൊരു ദിവസം പൂങ്കുന്നത്തുവെച്ച് നഗരത്തിലെ കാര്യകര്‍ത്താക്കളുടെ ബൈഠക് ഏര്‍പ്പാട് ചെയ്യുന്നുണ്ടെന്നും അവിടെ ഞാനും എത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ തിരക്കിട്ട ജോലികള്‍ക്കിടയില്‍ സന്തോഷപൂര്‍വം അദ്ദേഹം എന്നെ ഉപചരിച്ചുവിട്ടതാണ് ആദ്യ അനുഭവം. പിന്നീട് ഒരു ദിവസം പൂങ്കുന്നത്ത് അശോക ഫാര്‍മസി എന്ന സ്ഥാപനത്തിന്റെ മുകള്‍നിലയിലെ മുറിയില്‍ നടന്ന ബൈഠകിലും പങ്കെടുത്തു.
അവിടെവെച്ചാണ് തൃശ്ശിവപേരൂരിലെ അക്കാലത്തെ പ്രധാന സ്വയംസേവകരെ പരിചയപ്പെട്ടത്. അവരില്‍ പലരും ഇന്നും സജീവമായി രംഗത്തുണ്ട്. അന്നുമിന്നും അവരില്‍ പ്രമുഖന് ജിഎം തന്നെയാണ് എന്നതാണ് പ്രധാനം.
1943-44 കാലത്ത് വിദ്യാര്‍ഥി വിസ്താരകനായി വന്ന് പിന്നീട് പ്രാന്തപ്രചാരകന്‍വരെയായ ദത്താജി ഡിഡോള്‍ക്കറും കേരളീയനായ ആദ്യത്തെ പ്രചാരകന് എം.കുമാരനുമാണ് തൃശ്ശിവപേരൂരില്‍ സംഘപ്രവര്‍ത്തനത്തിന് വേരുപിടിപ്പിച്ചതെന്ന് കേട്ടിട്ടുണ്ട്. അക്കാലം മുതല്‍ തന്നെ ജിഎം സംഘത്തിന്റെ ഐക്കണ്‍ (ബിംബം) ആയി തൃശ്ശിവപേരൂരില്‍ അറിയപ്പെടുന്നു. ആറരപതിറ്റാണ്ടുകാലം അനുസ്യൂതമായി അനന്യനിഷ്ഠയോടെ മുഴുവന്‍ സ്വയംസേവകരുടെയും ആദരപാത്രമായി പ്രവര്‍ത്തിക്കുക എന്ന സിദ്ധി അദ്ദേഹം നേടി.
ധനലക്ഷ്മി ബാങ്കില്‍ നിന്ന് വിരമിച്ചശേഷം രണ്ടുമൂന്നുവര്‍ഷക്കാലം അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ ജിഎം ആയി സേവനമനുഷ്ഠിച്ചു. ജന്മഭൂമിയുടെ ഭരണനിര്‍വഹണ കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടായത് അക്കാലത്തായിരുന്നു. ജീവനക്കാര്‍ക്ക് വേതനത്തിന് സ്കെയില്‍, പ്രമോഷന്, ഇഎസ്ഐ, പിഎഫ് തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയതും അദ്ദേഹമായിരുന്നു. അതിന്‍പ്രകാരം വേതനം ചിട്ടപ്പെടുത്തിയപ്പോള്‍ ഈ ലേഖകന്റെ വേതനത്തില്‍ കുറവ് വന്നു. മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറയരുത് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക അലവന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായ പരിചയത്തിനും അടുപ്പത്തിനും അപ്പുറം നീതിനിഷ്ഠമായ തീരുമാനമെടുക്കുന്നതിനുള്ള മനോഭാവം അദ്ദേഹം കാണിക്കുകയായിരുന്നു.
ഗുരുവായൂര്‍ കാലത്തുതന്നെ പൂങ്കുന്നം ഗ്രാമത്തിലുള്ള ജിഎമ്മിന്റെ മഠത്തില്‍ പോകാന്‍ സാധിച്ചു. അക്കാലത്ത് ഹരിയേട്ടനായിരുന്നു പാലക്കാട് കേന്ദ്രമായി തൃശ്ശിവപേരൂരും ചാവക്കാടും നോക്കിയിരുന്നത്. ജിഎമ്മിന്റെ മഠത്തിനെതിര്‍വശത്ത് താമസിച്ചിരുന്നതും ഒരു സ്വയംസേവകന് തന്നെയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ചുമതലകള്‍ വഹിച്ചിട്ടുള്ള പി.എസ്.കാശി വിശ്വനാഥനാണത്. കാശിയേട്ടനുമായി അന്നുമുതല്‍ അടുപ്പം തുടങ്ങി. വയനാട്ടിലെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ തുടക്കകാലത്ത് കാശിയേട്ടന് അതിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ അവിടെ പോയി ഒരു ദിവസം താമസിച്ചു.
ജന്മഭൂമിക്ക് എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്കയുടെ ഒരു സെറ്റ് വാങ്ങാന്‍ ആഗ്രഹമുണ്ടായി. അതിന്റെ കടലാസുകള്‍ വരുത്തി ജിഎമ്മിനെ കാണിച്ചു. അമേരിക്കന്‍ ചെട്ടിമിടുക്കി (സെല്‍സ്മാന്‍ഷിപ്പി)ന്റെ സകല അടവുകളും പ്രയോഗിച്ചു തയ്യാറാക്കപ്പെട്ട ആ സാഹിത്യം ആരെയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. അന്നത്തെ വിലയ്ക്ക് പതിനാലായിരം രൂപ അതിന് ചെലവു വരും. അത് വായിച്ച് ജിഎം അത്രയും വലിയ ബാധ്യത ജന്മഭൂമി ഏറ്റെടുക്കണോ എന്ന് ശങ്കിച്ചു. ഒടുവില്‍ വേണ്ടെന്ന് വെച്ചു. അന്നത് വാങ്ങിയിരുന്നെങ്കില്‍ വലിയ മുതല്‍ കൂട്ടായേനെ. ഇന്ന് ബ്രിട്ടാനിക്കയുടെ ഏതുഭാഗവും ശീര്‍ഷകവും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ പറ്റുമല്ലൊ.
ജിഎമ്മിന്റെ ജീവിതലാളിത്യം അനുകരിക്കത്തക്കതാണ്. ഇക്കാലത്തും അദ്ദേഹം നടക്കാന്‍ കഴിയുന്നത്ര ദൂരം നടന്നു തന്നയേ പോകൂ. സമാധിയായ രാമകൃഷ്ണമിഷന്‍ സന്ന്യാസി മൃഡാനന്ദ സ്വാമിജി ജന്മഭൂമിയില് പ്രസിദ്ധീകരിച്ചുവന്ന ചെറുകുറിപ്പുകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച അവസരത്തില്‍ പൂങ്കുന്നത്തെ വിവേകാനന്ദ കേന്ദ്രത്തില്‍ ഒരു ചടങ്ങ് ഏര്‍പ്പാട് ചെയ്തിരുന്നു. ജന്മഭൂമി മാനേജര്‍ അപ്പു(എം.മോഹനന്)വുമൊരുമിച്ച് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അതിന്റെ സംഘാടകരില്‍ ജിഎമ്മുമുണ്ടെന്ന് കണ്ട് അവിടുത്തെ ചില പഴയ സ്വയംസേവകരെ കണ്ട് രാത്രി തന്റെ കൂടെ താമസിച്ച് പിറ്റേന്ന് പോയാല്‍ മതിയെന്ന ജിഎമ്മിന്റെ വാത്സല്യപൂര്‍ണമായ ക്ഷണം തള്ളിക്കളയാനായില്ല. സാംസ്ക്കാരികവും ധാര്‍മികവുമായ രംഗങ്ങളില്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം അന്ന് വിവരിച്ചതു കേട്ടപ്പോള്‍ സദാ ആശയസമ്പുഷ്ടമാണ് ചിന്തകള്‍ എന്നു മനസ്സിലായി.
മാനനീയ ഭാസ്കര്‍ റാവുജിയുടെ ശ്രദ്ധാഞ്ജലിക്കായി എളമക്കരയിലെ ഹാളില്‍ നടന്ന ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം തൃശ്ശിവപേരൂരില്‍ ചേരുന്ന പരിപാടിയില്‍ സംസാരിക്കാന്‍ അദ്ദേഹം എന്നെക്കൂട്ടിക്കൊണ്ടുപോയി. പാസഞ്ചര്‍ വണ്ടിയില്‍ യാത്ര ചെയ്യാന്‍ പ്രയാസമുണ്ടോ എന്നദ്ദേഹം അന്വേഷിച്ചു. അന്ന് ബസില്‍ ഒരാള്‍ക്ക് വേണ്ടിവന്ന യാത്രാക്കൂലി കൊണ്ട് രണ്ടുപേര്‍ക്ക് തീവണ്ടിയില്‍ പോകാന്‍ കഴിയുമായിരുന്നു. ചായയ്ക്കുള്ള പണം എന്നിട്ടും മിച്ചം വരും. അത്യാവശ്യമില്ലാത്തപ്പോള്‍ പാസഞ്ചര്‍ വണ്ടിയില്‍ യാത്രചെയ്യുക എന്ന ശീലം അദ്ദേഹം ഇന്നും നിലനിര്‍ത്തുന്നുണ്ടാവുമോ? ദീനദയാല്‍ജി നിര്‍ബാധം വായിക്കാനും എഴുതാനുമുള്ള സൗകര്യം പ്രമാണിച്ച് പാസഞ്ചര്‍ വണ്ടിയിലാണ് യാത്ര ചെയ്തിരുന്നതത്രെ. ദല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള അങ്ങനത്തെ ഒരു യാത്രക്കിടെ, “പിഎല്‍ 480 അമേരിക്കന്‍ ഗോതമ്പില്‍നിന്ന് മോചനം” എന്ന പേരില്‍ ദീനദയാല്‍ജി എഴുതിയ പുസ്തകം ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട 1966 ലെ സുപ്രധാന മാര്‍ഗനിര്‍ദ്ദേശക ഗ്രന്ഥമായി പേരെടുത്തു.
ബീഹാറില്‍ 1960 കളിലുണ്ടായ ജലപ്രളയക്കാലത്ത് അവിടെ മാസങ്ങളോളം ദുരിത നിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന സംഘപ്രവര്‍ത്തകരുമായി പരിചയപ്പെട്ട ജയപ്രകാശ് നാരായണന് അവര്‍ 25-30 വര്‍ഷമായി നിരന്തര പ്രവര്‍ത്തനം ചെയ്യുന്ന വിവരം അറിഞ്ഞ് എന്താണീ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ പ്രേരണ എന്നന്വേഷിച്ചു. കടുത്ത സംഘവിരോധിയായിരുന്ന അദ്ദേഹം സംഘത്തോടടുത്തത് ആ സംഭവത്തിനുശേഷമായിരുന്നു. ജിഎമ്മിനെ ഇപ്രകാരം ‘ക്ഷീണിക്കാത്ത മനീഷ’യോടെ സാധനാപഥത്തില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുന്ന ആ സംഘാദര്‍ശം തന്നെ നമ്മെയെല്ലാം നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഈയവസരം ഉപയോഗിക്കുകയാണ്. അത്തരം നിരവധി പേര് ഇന്ന് കേരളത്തില്‍ വഴികാട്ടികളായുണ്ട് എന്നത് നമുക്കെല്ലാം സന്തോഷം തരുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: