കൊച്ചി: പട്ടികവിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് പരമാവധി സൗകര്യം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈ വിഭാഗത്തിന് ശാശ്വതപുരോഗതി കൈവരിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു. കാലടി കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുനാരായണപുരത്ത് പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്വയംപര്യാപ്ത ഗ്രാമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പട്ടികവിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളില്‍ അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിടുന്ന ഈ പദ്ധതി മാതൃകാപരമാണ്. കഴിഞ്ഞകാലങ്ങളില്‍ ഈ വിഭാഗത്തിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് പ്രയോജനപ്പെട്ടില്ല. അവര്‍ താമസിക്കുന്നയിടങ്ങളിലൂടെയും മറ്റും റോഡും പാലവും നിര്‍മിച്ചെങ്കിലും അത് പൂര്‍ണമായും അവര്‍ക്ക് ഗുണമായില്ല. ഈ സാഹചര്യത്തിലാണ് ഒരു കോടി രൂപ മുടക്കില്‍ 50 കുടുംബങ്ങളില്‍ കൂടുതല്‍ താമസിക്കുന്ന കോളനികളില്‍ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്അഭിമാനകരമായ നേട്ടമാണ്സംസ്ഥാനത്തുണ്ടാക്കിയത്. രാജ്യത്താദ്യമായി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തനം തുടങ്ങാനായി. വിദ്യാഭ്യാസരംഗത്തെ ഉയര്‍ച്ചയാണ് എല്ലാ രംഗത്തേയും പുരോഗതിക്കു കാരണമെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി മാതൃകാപരമായ ഈ പദ്ധതി ഏറ്റവും വിജയകരമായി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചു.
ഇ.കെ.ആന്റണി പത്തു വര്‍ഷം മുമ്പ് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭി ച്ചതിലൂടെ ഈ വിഭാഗത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ അവസരമാണ് ലഭിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭിച്ചിരുന്നതിനേക്കാള്‍ പത്തിരട്ടി യിലേറെയാണ് സീറ്റുകള്‍ കിട്ടിയത്. എഞ്ചിനീയറിങ് മേഖലയിലും ഇതിന്റെ ഗുണം കിട്ടി. ഈ നിഷ്കര്‍ഷ തുടര്‍ന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പട്ടികജാതിക്ഷേമമന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ്മന്ത്രി കെ.ബാബു, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കെ.പി.ധനപാലന് എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഹൈബി ഈഡന് എം.എല്‍.എ., ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്പരീത്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ്, ജില്ല പഞ്ചായത്തംഗം എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.പോള്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി.പൗലോസ്, സജി പള്ളിപ്പാടന്‍, പ്രിയരഘു, എഫ്.ഐ.ടി. മാനേജിങ് ഡയറക്ടര്‍ അസീം ഇസ്മയില്‍, പട്ടികജാതിവകുപ്പ് സംസ്ഥാന ഉപദേശക സമതിയംഗം എന്‍.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: