കാസര്‍കോട്: പ്രതീക്ഷകളുടെ ചിറകില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ കടലുകടന്ന 158 ജീവിതങ്ങളാണ് അന്ന് ഒരു നിമിഷാര്‍ദ്ധം കൊണ്ട് കരിഞ്ഞില്ലാതായത്. അധ്വാനിച്ച് നേടിയതെല്ലാം സ്വരുക്കൂട്ടി ഇനി സ്വന്തം നാട്ടിലെ ജീവിതം മതിയെന്നുറപ്പിച്ച് തിരിച്ചുപറന്നവര്ക്ക് പോലും ഭൂമിയെ തൊടാന്‍ ഭാഗ്യം ലഭിച്ചില്ല. ഓര്‍മകളെ ചുട്ടുപൊള്ളിക്കുന്ന തീഗോളമായി മംഗലാപുരം വിമാനദുരന്തം മൂന്നാണ്ടിനിപ്പുറവും നമ്മെ നോവിക്കുന്നു. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രം നടത്തിയ ഭരണകൂടം കണ്ണീരൊപ്പാതെ മറഞ്ഞപ്പോള്‍ ഇരകളുടെ ആശ്രിതര്‍ നീതിതേടി പരമോന്നത നീതിപീഠത്തിന്റെ മുന്നിലാണിപ്പോള്‍. ഒരു പടികൂടി കടന്ന് നഷ്ടപരിഹാരം നല്‍കില്ലെന്ന് എയര്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് വാദിക്കുക കൂടി ചെയ്യുന്നു ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
2010 മെയ് 22നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരദുരന്തങ്ങളിലൊന്നായ മംഗലാപുരം വിമാനാപകടം സംഭവിച്ചത്. ബജ്പെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ട്രാക്കില്‍ നിന്നും തെന്നിമാറി റണ്‍വേയ്ക്ക് അരികിലുള്ള പോസ്റ്റില്‍ ചിറകടിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം കത്തിച്ചാമ്പലാവുകയായിരുന്നു.
158 ജീവനുകള്‍ ആ തീഗോളത്തില്‍ വെന്തമര്‍ന്നു. നാല് പിഞ്ചുകുഞ്ഞുങ്ങളും 23 കുട്ടികളും ഇതില്‍പ്പെടും. മരണത്തിലേക്ക് പറന്നിറങ്ങിയവരില്‍ 58 പേര് മലയാളികളായിരുന്നു. രണ്ട് മലയാളികളുള്‍പ്പെടെ എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് തിരിച്ചറിഞ്ഞത്. എന്നിട്ടും തിരിച്ചറിയാതിരുന്ന എട്ട് മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ചു. മൂന്ന് വര്‍ഷത്തിനിപ്പുറം അവര്‍ അജ്ഞാതരായി തന്നെ തുടരുകയാണ്.
ദുരന്തത്തില്‍ വിറങ്ങലിച്ചവര്‍ക്ക് ആശ്വാസവാക്കുകളും പ്രഖ്യാപനങ്ങളും മാത്രമാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. രാജ്യാന്തര ഉടമ്പടി അനുസരിച്ചുള്ള 75 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭ്യമാക്കുമെന്ന് അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ചു. ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നും വാഗ്ദാനമുണ്ടായി. എന്നാല്‍ പിന്നീട് എയര്‍ ഇന്ത്യക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പരസ്യമായി തന്നെ ഇവരെ വഞ്ചിച്ചു.
നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ മരിച്ചവുടെ കുടുംബാംഗങ്ങളോട് വിലപേശി. രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഗള്‍ഫിലെ തൊഴില്‍ വരുമാനം കണക്കാക്കി തുക നല്‍കാമെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ നിലപാട്. ഇതനുസരിച്ച് 35 ലക്ഷത്തോളം രൂപ മാത്രമാണ് പലര്‍ക്കും ലഭിച്ചത്. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്ന പെയിലറ്റിന്റെ അശ്രദ്ധയാണ് അപകടകാരണമെന്നും കമ്പനിക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നുമുള്ള റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് എയര്‍ ഇന്ത്യ മനുഷ്യത്വരഹിതമായ നിലപാടെടുത്തത്. ഇതേ തുടര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു. കുമ്പള ആരിക്കാടി സ്വദേശിയായ അബ്ദുള്‍ സലാമാണ് ഇതിനായി തുടക്കത്തില്‍ മുന്നിട്ടിറങ്ങിയത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ മകന് മുഹമ്മദ് റാഫി അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ആദ്യ ഉത്തരവ് അബ്ദുള്‍ സലാമിന് അനുകൂലമായിരുന്നു.
ഇതിനെതിരെ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അബ്ദുള്‍ സലാം സുപ്രീംകോടതിയിലെത്തി. കേസ് ഇപ്പോള്‍ നവംബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ ചേര്‍ന്ന് രൂപീകരിച്ച എയര്‍ക്രാഷ് വിക്ടിംസ് അസോസിയേഷനും നിയമപോരാട്ടത്തിലുണ്ട്. ദുരന്തത്തിന്റെ മൂന്നാം വാര്‍ഷികത്തിലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീര് തോര്‍ന്നിട്ടില്ല. സമാനതകളില്ലാത്ത ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി കഴിയുകയാണ് ഇവര്‍.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: