മൂവാറ്റുപുഴ: വയസ്സ് മുപ്പതായെങ്കിലും അനൂപ് ഇപ്പോഴും നിലത്ത് ഇഴയുകയാണ്. നൊന്തുപെറ്റ അമ്മയുടെ സംരക്ഷണം പോലും ലഭിക്കാതെയുള്ള അനൂപിന്റെ ഈ അവസ്ഥ ആരുടെയും മനസ്സലിയിക്കും. പായിപ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വേലംകുടി കോളനിയിലെ അനൂപിന്റെ അച്ഛന് മോഹനന് മരിച്ചതോടെ അമ്മ സതിയാണ് ഏക ആശ്രയം. ഇളയ സഹോദരനുണ്ടെങ്കിലും വിവാഹിതനായ ഇയാള്‍ താമസം മറ്റൊരിടത്തേക്ക് മാറ്റിയതോടെ അന്നന്നത്തെ ഭക്ഷണം കണ്ടെത്തുവാന്‍ സതി മകനെ വീടുപൂട്ടി സിമന്റ് തറയില്‍ കിടത്തി കൂലിപ്പണിക്കായി പോകും. രാവിലെ 7മണി മുതല്‍ വൈകിട്ട് 7മണിവരെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മലമൂത്ര വിസര്‍ജ്ജനത്തില്‍ മുങ്ങി വീടിന് ചുറ്റും മണ്ണിലൂടെ ഇഴയുകയാവും അനൂപ്.
അസുഖബാധിതനായതിനാല്‍ സമീപവാസികള്‍ പോലും വിശക്കുമ്പോള്‍ അമ്മേ എന്ന വിളിയോടെ കരയുന്ന അനൂപിനടുത്തെത്തുവാന് മടിക്കുകയാണ്. മകനെ സംരക്ഷിക്കുവാന്‍ കഴിയാത്ത അമ്മയോട് അനൂപിനെ ഏതെങ്കിലും വികലാംഗ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറല്ല. പഞ്ചായത്തിന്റെ ആശ്രയാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികലാംഗ പെന്‍ഷനും അമ്മക്ക് വിധവാ പെന്‍ഷനും ലഭിക്കുന്നുണ്ടെങ്കിലും ഒന്നിനും തികയാത്തതിനാല്‍ പകലന്തിയോളം പണിയെടുക്കുവാന്‍ നിര്‍ബന്ധിതയാവുന്നു ഈ അമ്മ. അനൂപിന്റെ സ്ഥിതി കണ്ടറിഞ്ഞ് പാലിയേറ്റീവ് കീയര്‍ യൂണിറ്റ് ഒരു വീല്‍ചെയര്‍ നല്‍കിയെങ്കിലും അത് ഉപയോഗിക്കുവാനാവാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: