ലണ്ടന്‍: സിറിയന്‍ വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. സിറിയയിലെ മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി യുഎന്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയത്. അന്വേഷകയായ കാര്‍ലെ ഡെല്‍ പോന്റെയാണ് സ്വിസ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ നടുക്കുന്ന വിവരം പുറത്തുവിട്ടത്. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന സാരിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. സാരിന് വാതകം അടങ്ങിയ ആയുധങ്ങള്‍ ആക്രമണങ്ങളില്‍ ഉപയോഗിച്ചതായി ഇതോടെ തെളിഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റവരില്‍നിന്നും മെഡിക്കല്‍ സ്റ്റാഫുകളില്നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രാസായുധാക്രമണം സംബന്ധിച്ച ചികിത്സയാണ് നല്‍കിവരുന്നതെന്നും കണ്ടെത്തി. എന്നാല്‍ സിറിയന്‍സേന രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. അതിനായി തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ആവശ്യമാണെന്നും കാര്ലെവ്യക്തമാക്കി.
സിറിയന്‍ സേന ജനങ്ങളുടെ മേല്‍ രാസായുധം പ്രയോഗിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന് ശേഷമാണ് യുഎന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഏജന്റ് സാരീന്‍ ജനങ്ങളുടെ മേല്‍ സൈന്യം പ്രയോഗിക്കുന്നതായി ബരാക് ഒബാമയാണ് വ്യക്തമാക്കിയിരുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എല്ലാ പരിധികളും ലംഘിച്ചതായും യുഎസ് കുറ്റപ്പെടുത്തിയിരുന്നു.
സിറിയയില്‍ രണ്ട് വര്‍ഷമായി വിമതര്‍ സര്‍ക്കാര്‍ സേനയുമായി പോരാടുകയാണ്. ഈ അവസരത്തില്‍ രാസായുധം ആര് പ്രയോഗിച്ചാലും അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റം ചുമത്തപ്പെടും. വിവാദമായ രണ്ട് ഏറ്റുമുട്ടലുകളാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. മാര്‍ച്ചില്‍ ആലെപ്പോയില്‍ നടന്ന ആക്രമണത്തിലും ഡിസംബറില്‍ ഹോംസില്‍ നടന്ന ഏറ്റുമുട്ടലിലും രാസായുധം ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇരുപക്ഷവും പരസ്പരം പഴിചാരുന്നതിനാല്‍ രാസായുധം ഉപയോഗിക്കുന്നതായി വിലയിരുത്തപ്പെട്ടു. ഇത് സംബന്ധിച്ച തെളിവുകളാണ് യുഎന്‍ സംഘം കണ്ടെത്തിയത്. മാര്‍ച്ച് അവസാനമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. 2011 മാര്‍ച്ചില്‍ ആരംഭിച്ച സര്‍ക്കാരിനെതിരായ രാസായുധ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 70000 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. 12 ലക്ഷത്തിലധികം പേര് അഭയാര്‍ത്ഥികളായി.
അതേസമയം ആക്രമണങ്ങളില്‍ രാസായുധം ഉപയോഗിച്ചതായ വെളിപ്പെടുത്തലുകള്‍ വിമതര്‍ നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: