ആരോഗ്യം സര്‍വധനാല്‍ പ്രധാനം എന്നത്രേ ചൊല്ല്. അങ്ങനെയാവുമ്പോള്‍ ആരോഗ്യത്തിന് ബലം വര്‍ധിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരും. ഇതൊന്നും പറഞ്ഞാല്‍ ആര്‍ക്കും അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല; പോലീസുകാര്‍ക്ക് പ്രത്യേകിച്ചും. അതുകൊണ്ടാണ് പാവങ്ങളായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി പച്ചവെള്ളം പോലും നല്ലവണ്ണം ചവച്ചരച്ച് കഴിക്കുന്ന വിദ്വാന്മാരെ പോലീസ് പൊക്കിയത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഇത്ര നിഷ്കര്‍ഷയുള്ള ആരെയും മഷിനോക്കിയാല് കാണാത്ത കാലത്താണ് അതിനായി ജീവിതം നീക്കിവെച്ചവരെ കാക്കിക്കാര് പൊക്കിയത്. ഹെല്‍ത്തി പീപ്പിള്‍ ഹെല്‍ത്തി നേഷന്‍ പ്രചാരണ പരിപാടി കൊഴുപ്പിക്കാനാണ് കണ്ണൂരില്‍ നാറാത്തെ പണിതീരാത്ത കെട്ടിടത്തില്‍ പിള്ളാര് കൊച്ചു വര്‍ത്തമാനവും പറഞ്ഞിരുന്നത്. മനുഷ്യജീവന് ഭീഷണിയായ നായകളെ വെട്ടിക്കൊല്ലല്‍, സാമൂഹികദ്രോഹികളെന്ന് മുദ്രകുത്തി ചിലരെ ബോംബെറിഞ്ഞും വെട്ടിയും കൊല്ലല്‍, ഭീതിപടര്‍ത്തല്‍ ഇത്യാദി ചില കുട്ടിക്കളികളിലൂടെയാണ് ഈ പാവങ്ങള്‍ ജീവിച്ചുപോവുന്നത്. അതിനും സമ്മതിക്കില്ല എന്നു വെച്ചാല്‍ എന്തു ചെയ്യും?
കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞതിനാല്‍ ആധുനിക-ആധുനികോത്തര ബുജികളും മാധ്യമവിശാരദന്മാരും ഒന്നും ചര്‍ച്ചയ്ക്കും പ്രസ്താവനയ്ക്കും വായിട്ടലയ്ക്കലിനും തയ്യാറായില്ല. പൂച്ച ചത്തെന്നു കേട്ടാല്‍ കൊമ്പും കോടാലിയുമായി ഇരിക്കപ്പൊറുതിയില്ലാതെ തേരാപാരാ പായുന്ന ദൃശ്യശിങ്കങ്ങളും രാമനാരായണ ചൊല്ലിയിരുന്നു. തടികേടാവുമെന്ന കാര്യം ശരിക്കറിയാമെന്നു കൊണ്ടുതന്നെയാവാമിത്. മോദിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിനും എതിരെ ഉളുപ്പില്ലാതെ ഉറഞ്ഞുതുള്ളുന്ന മാധ്യമഹിതാശയന്മാരുടെ കാര്യം സഹതാപം പോലും അര്‍ഹിക്കുന്നില്ല എന്നതിന് സംശയമുണ്ടോ? ഓരോരോ കാലത്തെ ഓരോരോ സംഗതികള്‍ എന്നു പറഞ്ഞ് മൂക്കത്ത് വിരല്‍വെക്കാന്‍ വരട്ടെ. മുക്കാലിയില്‍ കെട്ടി ഇത്തരക്കാരെ മൂന്ന് വീക്ക് വീക്കാന്‍ കിട്ടുന്ന സമയം പ്രബുദ്ധരായവര്‍ നഷ്ടപ്പെടുത്തരുത്, പ്ലീസ്. അവസരം അതല്ലേ എല്ലാം.
ഉച്ചനീചത്വങ്ങളുടെ തടവറയില്‍ നിന്ന് പുറത്തുവന്നുവെന്ന് അഭിമാനിച്ച് ലോകത്തിന്റെ നെറുകയില്‍ കേറാനും മത്സരിച്ചവരാണല്ലോ നാം. എന്നാല്‍ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും ഇവിടം തിമിര്ത്തുവാഴുകയാണെന്ന് പറഞ്ഞാല്‍ അടിക്കാന്‍ വരരുത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ദൈവ വചനം പോലെ കുളിര്മയുള്ള ഒരു സംസ്കാരം നെഞ്ചേറ്റുന്നവര്‍ ക്ഷണിച്ചുകൊണ്ടു വന്ന ഒരു മനുഷ്യനെ ഏതൊക്കെ തരത്തില്‍ അപമാനിക്കാമോ അതൊക്കെ ചെയ്തു.
നരേന്ദ്രമോദി എന്ന നേതാവിന് അതൊന്നും ഒരു പ്രശ്നമല്ലെങ്കിലും കേരളത്തിന്റെ അന്തസ്സിനും ആത്മാഭിമാനത്തിനുമാണ് അതുവഴി ക്ഷതമേറ്റത്. അതിഥി ദേവോഭവ എന്ന ദര്‍ശനപ്പൊരുളിന്റെ ആത്യന്തിക സത്യം അറിയാത്തവരും അതിഥിയെ അപമാനിക്കാന്‍ തുനിയാറില്ല. ഇവിടെ അതും സംഭവിച്ചു. വിവേകാനന്ദന് ഇന്നത്തെ അവസ്ഥ കണ്ടിരുന്നെങ്കില്‍ കേരളം മുഴുഭ്രാന്ത്രാലയം എന്നും അതിന്റെ ആസ്ഥാനം ഏകെജി സെന്റര്‍ ഉള്‍പ്പെടുന്ന തിര്വന്തോരം ആണെന്നും നിസ്സംശയം പറയും. മനസ്സില്‍ മുഴുവന്‍ അസഹിഷ്ണുതയുടെ വൈറസുകള്‍ തിമിര്ത്തുപുളയ്ക്കുമ്പോള് ഇടതിനും വലതിനും മധ്യത്തിനും ഇങ്ങനെയൊക്കെ ചെയ്യാനേകഴിയൂ. ഇതൊന്നും നരേന്ദ്രമോദിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അറിയാന്‍ പെരിയാറിലൂടെ ഇനിയെത്ര വെള്ളം ഒഴുകിപ്പോവണമെന്ന് ആര്‍ക്കു നിശ്ചയമുണ്ട്?
നീതിയും നിയമവും അതാതിന്റെ വഴിയിലൂടെ നീങ്ങുമ്പോള്‍ 17 വര്‍ഷമായിട്ടും സ്വസ്ഥതകിട്ടാതെ ഒരു പെണ്‍കുട്ടി (അവള്‍ക്കു പേരുപോലും നഷ്ടമായി എന്നത് വേറെ കാര്യം) ഇപ്പോഴും നീറി നീറിക്കഴിയുന്നുവെങ്കില് നമ്മളൊക്കെയും തെറ്റുകാരല്ലേ? അതറിയണമെങ്കില്‍ ഒട്ടും നീതി കിട്ടാതെ ഒരു മകള്‍ എന്ന ഫീച്ചര്‍ വായിച്ചാല്‍ മതി. സമൂഹത്തിലെ കാന്‍സര്‍ അത്ര പെട്ടെന്നൊന്നും കരിച്ചുകളയാന്‍ ഒരു കീമോതെറാപ്പിക്കും കഴിയില്ലെന്ന് വ്യക്തമാവും. നിസ്സഹായ ജന്മങ്ങളുടെ നെഞ്ചിലേക്ക് കനല് കോരിയിട്ടുകൊണ്ട് സ്വാധീനവ്യക്തികള് പടപ്പാട്ടു പാടി പൊട്ടിച്ചിരിക്കും. സൂര്യനെല്ലിയും തങ്കമണിയും വിതുരയും നമ്മുടെ ഓര്‍മത്താളുകളില്‍ ചുവന്ന അക്ഷരങ്ങളായി പതിഞ്ഞുകിടക്കുമ്പോള് ന്യൂദല്‍ഹി, തിരുപ്പൂര്‍… അങ്ങനെയങ്ങനെ പേര് എഴുതാനും എഴുതാതിരിക്കാനും കഴിയാത്ത ഒട്ടേറെ സ്ഥലങ്ങള്‍ ആഘോഷപൂര്‍വ്വം മുമ്പിലേക്കു വന്നുകൊണ്ടിരിക്കും. സി.എം. ബിജുവിന്റേതാണ് എഴുത്ത്. വായിച്ചുപോകെ ഈയൊരു പരാമര്‍ശം നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും: കേട്ടിരിക്കുന്ന എന്റെ നെഞ്ചിലേക്കും ഒരു തീപടര്‍ന്നു തുടങ്ങി. എനിക്കുമുണ്ടല്ലോ, ഒരു പെണ്‍കുരുന്ന്. പെണ്കുരുന്നുള്ള എല്ലാവരുടെ ഉള്ളിലും കനല് കൂടുതല്‍ കൂടുതല്‍ ഉശിരോടെ തിളയ്ക്കുകയാണ്. ഗൃഹലക്ഷ്മിയുടെ ഏപ്രില്‍ ലക്കത്തിലാണ് ഫീച്ചറും പ്രമുഖരുടെ പ്രതികരണവുമുള്ളത്.
മലയാളത്തിന്റെ സൗന്ദര്യം നീലേശ്വരത്തെ കാവ്യമാധവനിലുണ്ട്. ആ ചിരിയില്‍ പൂത്തുനില്‍ക്കുന്നത് സ്നേഹത്തിന്റെ ഇലഞ്ഞിമരമാണ്. ആ സുഗന്ധം നമ്മെ വിടാതെ പിന്തുടര്ന്നു കൊണ്ടിരിക്കുന്നു. കാവ്യയുടെ വഴികളില്‍ അവള് കണ്ട വിശേഷങ്ങള്‍ നമുക്കായി നല്കുന്നു ഗൃഹലക്ഷ്മി. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കുഞ്ഞുനാളില്‍ത്തന്നെ എത്തിയ കാവ്യയ്ക്ക് സാധാരണക്കാരെപ്പോലെ ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് ഏറെ വിഷമമുണ്ടാക്കുന്നത്. നല്ല വേഷം വരുമ്പോഴും അഭിനയിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അതിന് കാവ്യതന്നെ മറുപടി പറയട്ടെ: കുറച്ചുനാള്‍ മുമ്പ് എന്നോടു കഥപറയാന്‍ ചിലര്‍ വന്നു. കഥ പറഞ്ഞ് പാതിയായിട്ടും അതിലേതാണ് എന്റെ വേഷം എന്നവര്‍ പറയുന്നില്ല. എനിക്കാകെ സംശയമായി. ഒടുവില്‍ അവര്‍ പ്രയാസപ്പെട്ടു പറഞ്ഞു. ‘ശരീരം വിറ്റ് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമാണ്.’ ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ, മോശം സീനുകള്‍ ഒന്നുമില്ല. ശക്തമായ കഥാപാത്രമാണ്. അഭിനയ സാധ്യതകള്‍ ഉണ്ട്. എന്നിട്ടും എനിക്ക് ഏറ്റെടുക്കാന്‍ തോന്നിയില്ല. അതാണ് നമ്മുടെ കാവ്യ. നാട്ടിന്‍പുറത്തിന്റെ നിറവ് ആ കണ്ണിലും ചിരിയിലും മാത്രമല്ല, മനസ്സിലുമുണ്ട്. വിജീഷ് ഗോപിനാഥാണ് കാവ്യയുടെ മനസ്സിലൂടെ അക്ഷരസഞ്ചാരം നടത്തുന്നത്.
കാര്‍ട്ടൂണീയം
ഇത്ര മനോഹരമായി പ്രധാനമന്ത്രിയുടെ അവസ്ഥ വായനക്കാരിലേക്കെത്തിക്കാന്‍ എം.ടി.വിചാരിച്ചാല്‍ പോലും കഴിയുമോ എന്ന് സംശയം. മാഡം സോണിയയുടെ രാഷ്ട്രീയ കളിയുടെ സുരക്ഷയില്‍ നടന്നുനീങ്ങുന്ന പാവം മനോമോഹനെ കാണുമ്പോള്‍ എന്തു വികാരമാണുണ്ടാവുന്നത്. കാര്‍ട്ടൂണ്‍ സദ്യ മൂക്കുമുട്ടെ ആസ്വദിച്ച് അനുഭവിക്കുക.
നുണകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ കൊട്ടാരമാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ (ഏപ്രില്‍ 29) തുടക്കം. ഗുജറാത്ത്, വികസനം, നരേന്ദ്രമോദി എന്നിങ്ങനെ കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവര്‍ എന്താണ് കുത്തിക്കുറിക്കുക എന്ന് വ്യക്തം. ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഭുചുങ്ങ് ധോഹത്തിന്റെ ഒരു കവിതയും അടിവളമായിട്ടിട്ടുണ്ട്. ഒടുക്കവും അങ്ങനെ തന്നെ. ശരീരം മുഴുവന്‍ വിഷമുള്ള പാമ്പിന് ദൈവം കണ്ണുകൊടുത്തില്ലത്രേ. മനുഷ്യജീവന് ഭീഷണിയാവുമെന്ന് അറിയാവുന്നതിനാലായിരുന്നു അത്. മാധ്യമത്തിന്റെ കാര്യത്തില്‍ ദൈവം പോലും ഇടപെടില്ല എന്നത് എത്ര ഭീതിജനകമാണ്.
തൊട്ടുകൂട്ടാന്‍
തൂലികയിലൊലിക്കുന്ന
ചൂടുരക്തമായെന്റെ കവിതകള്‍
നിന്റെ കൂര്‍ത്ത നോട്ടത്തിന് മുന്നില്‍
ചൂളി വിറച്ച്;
പനിച്ച്; പിച്ചും പേയും പറഞ്ഞ്
കലങ്ങിയൊഴുകിക്കൊണ്ടിരിക്കുന്നു
ഏതോ വിരഹമരുഭൂമിയിലേക്ക്
ഏതോ വിജനതീരത്തിലേക്ക്
പി. വിമല
കവിത: കലങ്ങിയൊഴുകുന്ന കവിതകള്‍
കലാകൗമുദി (ഏപ്രില്‍ 28)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: