ഹൈദരാബാദ്: ഐപിഎല്‍ ആറാം പതിപ്പിലെ നവാഗതരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യുസിന്റെ നേതൃത്വത്തിലുള്ള പൂനെ വാരിയേഴ്സാണ് സണ്‍റൈസേഴ്സിന്റെ എതിരാളികള്‍.
ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ അസ്തമയത്തില്‍ ഉദിച്ച സണ്‍ ഗ്രൂപ്പിന്റെ ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ചാര്‍ജില്ലാതെ മങ്ങിപ്പോയ ഡെക്കാന്റെ താരങ്ങളാണ് നിരയിലുള്ളതെന്നതാണ് സണ്‍റൈസേഴ്സിനെ അലട്ടുന്ന ഘടകം. ഐപിഎല്ലില്‍ അസ്ഥിരത കൊണ്ട് അമ്പരപ്പുണ്ടാക്കിയ കൂടാരമായിരുന്നു പഴയ ഹൈദരാബാദ്. ആദ്യ ലീഗിലെ ചാരക്കൂമ്പാരത്തില്‍നിന്ന് തൊട്ടടുത്ത വര്‍ഷം കിരീടത്തിലേക്ക് കുതിച്ച ടീമായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്സ്. ആ കിരീടമാണ് ഏകസമ്പാദ്യവും. നിശ്ചിത സമയത്തിനകം ഗ്യാരണ്ടി പണം കെട്ടിവക്കാന്‍ കഴിയാതിരുന്നതിനാലാണ് ഡെക്കാന്‍ ചാര്‍ജേഴ്സിനെ ഐപിഎല്ലില്‍ നിന്നും ഇത്തവണ പുറത്താക്കിയത്. തുടര്‍ന്ന് നടന്ന ലേലത്തിലാണ് സണ്‍ ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും മുന്‍ ലങ്കന്‍ നായകന് കുമാര്‍ സംഗക്കാരയാണ് ടീമിന്റെ ക്യാപ്റ്റന്‍.
മികച്ച താരങ്ങളാണ് പൂനെയുടെ കരുത്ത്. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യുസിന് പുറമെ റോസ് ടെയ്ലര്, മര്‍ലോണ്‍ സാമുവല്‍സ്, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ലൂക്ക് റൈറ്റ്, മിച്ചല്‍ മാര്‍ഷ്, വെയ്ന്‍ പാര്‍നല്‍, കീന്‍ റിച്ചാര്ഡ്സണ്, അജാന്ത മെന്‍ഡിസ്, യുവ്രാജ് സിങ്, റോബിന് ഉത്തപ്പ, മനീഷ് പാണ്ഡെ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പിന്മാറ്റം മാത്രമാണ് അവരെ കുഴയ്ക്കുന്നത്. ബൗളിംഗില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍, അശോക് ദിന്‍ഡ, രാഹുല്‍ ശര്‍മ, ഹര്‍പ്രീത് സിങ്, അലി മുര്‍ത്താസ തുടങ്ങിയവരും മികച്ച താരങ്ങളാണ്. മലയാളി താരവും ഓള് റൗണ്ടറുമായ റൈഫി വിന്‍സന്റ് ഗോമസും പൂനെ ടീമില്‍ അംഗമാണ്. ഈ സീസണിലാണ് ടെയ്ലറെയും യുവപ്രതിഭകളായ റിച്ചാര്‍ഡ്സണെയും മെന്‍ഡിസിനെയും അഭിഷേകിനെയും ലേലത്തില്‍ പിടിച്ച് ടീമിന്റെ കരുത്ത് വര്‍ധിപ്പിച്ചത്.
മറുവശത്ത് സണ്‍റൈസേഴ്സും മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. കുമാര്‍ സംഗക്കാര നയിക്കുന്ന ടീമിന്റെ കരുത്ത് ബൗളിംഗിലാണ്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനാണ് ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുന. സ്റ്റെയിന് കൂട്ടായി ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര, ഡാരന്‍ സമി, ക്ലിന്റ് മക്കായ്, മലയാളി താരം പി. പ്രശാന്ത് തുടങ്ങിയവര്‍ ടീമിലുണ്ട്.
ബാറ്റിംഗില്‍ സംഗക്കാരക്ക് കരുത്ത് പകരാന്‍ പാര്‍ത്ഥിവ് പട്ടേല്‍, ഓള് റൗണ്ടര്‍മാരായ കാമറൂണ്‍ വൈറ്റ്, ജെ.പി. ഡുമിനി, തിസാര പെരേര, ശിഖര്‍ ധവാന് എന്നിവരും ഉള്‍പ്പെടുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ധവാന് കളിക്കാന്‍ സാധ്യതയില്ല.
ഈ സീസണില്‍ ടീമിലെത്തിയ സമിയും പെരേരയും മക്കല്ലവും ഡികോക്കും ത്യാഗിയുമാണ് എടുത്തുപറയാവുന്ന വ്യത്യാസം. നാലു വിദേശതാരങ്ങള്‍ മാത്രം ആദ്യ പതിനൊന്നിലെത്തുമ്പോള്‍ പേരുകള്‍ ടീമിന്റെ ഘടനയില്‍ ചലനങ്ങളൊന്നുമുണ്ടാക്കുകയുമില്ല. പഴയ ഡാന്‍ ക്രിസ്റ്റ്യന്റെ സ്ഥാനത്തേക്കു പെരേരയോ സമിയോ വരുമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: