ബംഗളൂരു: ഐപിഎല്‍ ആറാം പതിപ്പിലെ രണ്ടാം പോരാട്ടത്തില്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 8നാണ് മത്സരം.
പുതിയ ക്യാപ്റ്റന്റെ കീഴിലാണ് കന്നി ഐപിഎല്‍ കിരീടം ലക്ഷ്യമാക്കി മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. 2010-ല്‍ ഫൈനലില്‍ കളിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. ഓസ്ട്രേലിയയുടെ ഏക്കാലത്തെയും മികച്ച താരവും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിംഗാണ് ഇത്തവണ ഇന്ത്യന്‍സിനെ നയിക്കുന്നത്. എന്നാലും മുംബൈയുടെ സൂപ്പര്‍താരം സച്ചിന് തന്നെയാണ്.
സച്ചിന് പുറമെ, റിച്ചാര്‍ഡ് ലെവി, ദിനേശ് കാര്‍ത്തിക്, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ, ഗിബ്സ്, റോബിന് പീറ്റേഴ്സണ് തുടങ്ങിയവര്‍ ഏതു ടീമിനും ഭീഷണിയാകുന്ന ബാറ്റ്സ്മാന്മാരാണ്. ലസിത് മലിംഗ, ജെയിംസ് ഫ്രാങ്ക്ലിന്, തിസര പെരേര, ആര്.പി. സിംഗ്, മുനാഫ് പട്ടേല്‍ തുടങ്ങിയതാരങ്ങളടങ്ങിയ ബൗളിംഗ് നിരയും അതിശക്തമാണ്. സ്വന്തം നാട്ടില്‍ മികച്ച ഫോം കണ്ടെത്തുന്ന സച്ചിന്‍തന്നെ മുന്നില്‍നിന്നു നയിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് മറ്റ് ടീമുകള്‍ക്ക് കടുത്ത വെല്ലുവിളിയാകും. എന്നാല്‍ ബൗളിംഗിലെ കുന്തമുനയായ മലിംഗ ഇന്ന് കളിക്കാന്‍ സാധ്യതയില്ല എന്നത് മുംബൈക്ക് തിരിച്ചടിയാണ്.
ഇത്തവണത്തെ താരലേലത്തിലും മുംബൈ ആളെ വാരിക്കൂട്ടുകയായിരുന്നു. പോണ്ടിങ്ങിനെയും ഹ്യൂസിനെയും വാങ്ങി ബാറ്റിങ് ആഴം കൂട്ടിയ ടീം മോഹവില നല്‍കിയാണ് മാക്സ്വെല് എന്ന ഓള്‍റൗണ്ടറെയും ടീമില്‍ അണിചേര്‍ത്തു. 10 ലക്ഷം ഡോളറാണ് മാക്സ്വെല്ലിനായി മുംബൈ ഇന്ത്യന്‍സ് ചെലവഴിച്ചത്. ഇതോടെ മുംബൈയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഇതിന് വെറ്ററന്‍ ജേക്കബ് ഓറവും കോള്ട്ടര്നെയിലും ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ആശ്രയിക്കാവുന്ന തിരഞ്ഞെടുപ്പാണ്.
കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരനിരയാല്‍ സമ്പുഷ്ടമാണ്. വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ ടീമില്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയിലും ശ്രീലങ്കയുടെ തിലകരത്നെ ദില്ഷന്, ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്സ്, ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാര, സൗരഭ് തിവാരി എന്നിവരാണ് ബാറ്റിങ് നിരയിലെ കരുത്തര്‍. ബൗണ്ടറികളേക്കാള്‍ കൂടുതല്‍ സിക്സറിനെ ഇഷ്ടപ്പെടുന്ന വിന്‍ഡീസ് താരം ഒറ്റയ്ക്ക് സാധ്യതകള്‍ പലതും മാറ്റിയെഴുതാന്‍ ശേഷിയുള്ള താരമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഇത് കണ്ടതുമാണ്. ഗെയിലിന്റെ ഈ പ്രകടനത്തില്‍ തന്നെയാണ് ബാംഗ്ലൂര്‍ ടീമിന്റെ പ്രതീക്ഷ മുഴുവനും. അതുപോലെ മികച്ച ബൗളിംഗ് നിരയും ബാംഗ്ലൂരിന് സ്വന്തമാണ്. സഹീര്ഖാന് നയിക്കുന്ന ബൗളിംഗ് നിരയില്‍ ഡാനിയേല്‍ വെട്ടോറി, മോയിസസ് ഹെന്റിക്വസ്, മുത്തയ്യ മുരളീധരന്, രവി രാംപാല്‍, ആര്.പി. സിംഗ്, മലയാളി താരം പ്രശാന്ത് പരമേശ്വരന് തുടങ്ങിയവരാണ് ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: