ന്യൂയോര്‍ക്ക്: മരീസ മേയര്‍ യാഹൂ സിഇഒ ആയി ചുമതലയേറ്റ ശേഷം മാറ്റത്തോട് മാറ്റമാണ് യാഹൂവില്‍ വരുത്തിയിരിക്കുന്നത്. പ്രതിസന്ധിയില്‍ അകപ്പെട്ട് നിറം മങ്ങിയ കമ്പനിയെ കരകയറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെല്ലാം. ഇപ്പോഴിതാ 17 കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് യാഹൂ.
ബ്രിട്ടണില്‍ ഹായ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ 17 കാരന് നിക് ഡി അലോഷ്യോ ആയിരിക്കും യാഹൂവിന്റെ ഏറ്റവും പുതിയ ജീവനക്കാരന്. നിക്കിന്റെ സംലി എന്ന് പേരുള്ള മൊബെയില്‍ ആപ്ലിക്കേഷന്‍ കമ്പനിയാണ് യാഹൂ എറ്റെടുക്കുന്നത്. 1994 ല്‍ യാഹൂ സ്ഥാപിതമാകുമ്പോള്‍ നിക് ജനിച്ചിട്ടില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. 15-ാം വയസ്സിലാണ് നിക് ലണ്ടണിലെ തന്റെ വീട്ടിലിരുന്ന് മൊബെയില്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. സ്മാര്‍ട്ട്ഫോണിന്റെ ചെറിയ സ്ക്രീനില്‍ വാര്‍ത്തകള്‍ എളുപ്പത്തില്‍ വായിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് നിക് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഹായ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം കൂടിയുണ്ടെന്ന് പറയുന്ന നിക്ക് യാഹൂവിന്റെ ലണ്ടനിലെ ഓഫീസിലിരുന്ന് പഠനം തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനാണ് തയ്യാറെടുക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മരീസയുടെ പുതിയ നയം അനുസരിക്കുന്നതിന്റെ ഭാഗമായാണിത്.
അതേസമയം എത്ര തുകയ്ക്കാണ് യാഹൂ സംലിയെ ഏറ്റെടുക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 30 ദശലക്ഷം ഡോളറിനായിരിക്കും കമ്പനിയുടെ ഓഹരികള്‍ യാഹൂ വാങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊബെയില്‍ ആപ്ലിക്കേഷന്‍ ഡെവലപ്മാരുള്പ്പെടെയുള്ള എഞ്ചിനീയര്‍മാരെ യാഹൂവിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ യാഹൂ നടത്തുന്ന അഞ്ചാമത്തെ ഏറ്റെടുക്കലാണിത്. ഇതേ തുടര്‍ന്ന് സംലിയിലെ രണ്ട് ജീവനക്കാര്‍ യാഹൂവിന്റെ കാലിഫോര്‍ണിയയിലെ ഓഫീസിലായിരിക്കും പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: