ന്യൂദല്‍ഹി: ബ്രിക്സ് വികസന ബാങ്കിന്റെ രൂപീകരണത്തിന് വഴി തെളിയുന്നു. ദര്‍ബാന്‍ ഉച്ചകോടി ഈ ബാങ്കിന്റെ രൂപീകരണത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് കരുതുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരിക്കും ബാങ്കിന് നേതൃത്വം നല്‍കുക. ഇതിനായി പദ്ധതികള്‍ ആവിഷ്കരിക്കുന്നു എന്നത് ബാങ്കിന്റെ രൂപീകരണം യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
ബാങ്കിന്റെ രൂപീകരണത്തിനാവശ്യമായ മൂലധനം, അംഗത്വം, ഭരണനിര്‍വഹണം എന്നിവയാണ് ബ്രിക്സ് ഡെവലപ്മെന്റ് ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡര്‍ബാന്‍ ഉച്ചകോടിയില്‍ ഇന്ന് അംഗീകരിക്കുമെങ്കിലും ഇത് സാക്ഷാത്കരിക്കണമെങ്കില്‍ കുറച്ച് വര്‍ഷം കൂടി കഴിയും.
ബാങ്കിന്റെ രൂപീകരണം പ്രായോഗികവും പ്രാവര്ത്തികവുമാണെന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. ബ്രിക്സ് ഡെവലപ്മെന്റ് ബാങ്ക് സംബന്ധമായിട്ടുള്ള രേഖകള്‍ അന്തിമരൂപത്തിലാക്കുന്നതിന് ഏകദേശം ഒരു വര്‍ഷം വേണ്ടിവരുമെന്ന് ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കുന്നു. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ രൂപീകരണത്തിനാവശ്യമായ മൂലധന പ്രശ്നം പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. ബ്രിക്സില്‍ അംഗമായിട്ടുള്ള അഞ്ച് രാജ്യങ്ങളും 10 ബില്യണ്‍ യുഎസ് ഡോളര്‍ വീതം ഇതിനായി സംഭാവന ചെയ്യണമെന്ന ആശയമാണ് മുന്നോട്ട് വച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: