തിരുവനന്തപുരം: ഇറ്റാലിയന്‍ പൗരന്മാരായ കുറ്റവാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ഇതിനായി കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും കോടതിയുടെ അധികാരങ്ങളില്‍ കൈകടത്തുകയും ചെയ്തിരിക്കുന്നു.
നീതിപൂര്‍വമായ വിചാരണ നടത്തി രണ്ട് ഇന്ത്യന്‍ പൗരന്മാരെ വെടിവച്ചു കൊന്ന കൊടും കുറ്റവാളികള്‍ക്കു നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നുറപ്പാക്കാന് ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യമായ ഒത്താശയോടെ ഇറ്റലിക്കാരായ കൊലയാളികള്‍ക്കു രക്ഷപ്പെടാന്‍ പഴുതൊരുക്കുകയായിരുന്നു. കേരളത്തിനു കേസെടുക്കാന്‍ അവകാശമില്ലെന്നു സുപ്രീംകോടതിയില്‍ പറഞ്ഞത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ്. കൊലയാളികള്‍ക്കനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യംമുതല്‍ സ്വീകരിച്ചതെന്നും വി.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണോ എന്നു കോടതിയല്ല സര്‍ക്കാരാണു തീരുമാനിച്ചത്. മറീനുകള്‍ക്കു വധശിക്ഷ വിധിക്കില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാരിനു നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് മറീനുകളെ തിരിച്ചയക്കാന്‍ ഇറ്റലി തയാറായതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ കോടതി ശിക്ഷ വിധിച്ചാലും ആ ശിക്ഷ അനുഭവിക്കാതെ രണ്ടു മറീനുകളെയും ഇറ്റലിയിലേക്ക് അയച്ചുകൊടുക്കാന്‍ പാകത്തിനു ഇറ്റലിയുമായി ഇതിനിടെ കരാറുമുണ്ടാക്കിയിരിക്കുന്നു. പൊതുജനങ്ങളോട് എന്തുതന്നെ വിശദീകരിച്ചാലും ഇതു നയതന്ത്രമല്ല, ഇറ്റലിക്കനുകൂലമായി കോടതിയെ സ്വാധീനിക്കാനും കോടതിയുടെ അധികാരങ്ങളില്‍ കൈകടത്താനുമുള്ള വഞ്ചനാപരമായ തന്ത്രം മാത്രമാണെന്നു വ്യക്തമാണ്. പാവപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ജീവനെക്കാള്‍ ഇറ്റാലിയന്‍ കൊലയാളികളുടെ താത്പര്യത്തിനു കീഴടങ്ങുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ തനിനിറമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നു വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീംകോടതിയുടെ ശക്തമായ നിലപാടുകളെ തുടര്‍ന്നാണ് കടല്‍ക്കൊലക്കേസില്‍ പ്രതികളായ രണ്ടു മറീനുകളെ ഇറ്റലി ഇന്ത്യയിലേക്കു തിരിച്ചയച്ചത്. ഇറ്റാലിയന്‍ സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങുകയും അതിനെ ഇന്ത്യയുടെ നയതന്ത്ര വിജയമായി കൊട്ടിഘോഷിക്കുകയും ചെയ്യുന്നത് നാണക്കേടാണ്. ലോകത്തിലെ ഏറ്റവും ശക്തമായ നീതിന്യായ സംവിധാനമായ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അധികാരങ്ങളില്‍ ഇന്ത്യാ സര്‍ക്കാര്‍ കടന്നുകയറിയിരിക്കുന്നു. വിചാരണ നടത്തി ചുമത്തപ്പെട്ട കുറ്റം പ്രതികള്‍ ചെയ്തിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തു ശിക്ഷ വിധിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു കോടതിക്കു മാത്രമാണ്. ജുഡീഷ്യറിയുടെ അധികാരങ്ങളില്‍ ഭരണകൂടം ഇടപെടുന്നതും ജുഡീഷ്യറിയുടെ ബാഹ്യസമ്മര്ദത്തിലാക്കി സ്വാധീനിക്കുന്നതും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. വിചാരണ നടക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കേസിന്റെ വിധി സംബന്ധിച്ചു നിര്‍ണായകമായ തീരുമാനങ്ങളെടുത്തതായും വി.എസ്. ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: