പാലക്കാട്: ഗ്രാമീണ ഗവേഷകരുടെ നൂതന ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള റിം-2013ലേക്ക് കാണികളുടെ ഒഴുക്ക്. അടയ്ക്കവെട്ടുന്ന യന്ത്രം മുതല്‍ തെങ്ങുകയറുന്ന റോബോട്ട് വരെയുള്ള ഉപകരണങ്ങള്‍ കാണികള്‍ക്ക് ആവേശം പകരുന്നു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും സംരക്ഷണം ലഭിക്കുന്ന ഉപകരണം, തെങ്ങുകയറുന്ന റോബോട്ട് എന്നിവയുമായി മത്സരിക്കാനെത്തിയ കഞ്ചിക്കോട് സോഫ്റ്റ്വെയര് ടെക്നോളജി പാര്‍ക്കിലെ സി.സതീഷും സുഹൃത്തുക്കളും അവതരിപ്പിച്ച ഉപകരണം ശ്രദ്ധേയമായി. പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനവുമായെത്തിയ കാസര്‍ഗോഡ് മുന്നാട് സ്വദേശി സുരേഷ്ബാബുവും മേളയിലെത്തിയ കാണികള്‍ക്ക് കൗതുകം പകര്‍ന്നു.
നവീന അടയ്ക്കവെട്ടി യന്ത്രം, താഴെനിന്ന് കുരുമുളക് പറിക്കാനുള്ള ലളിതമായ ഉപകരണം, നെല്ലിക്കയുടെ കുരുവളരെവേഗം നീക്കം ചെയ്യുന്ന യന്ത്രം മുതല്‍ കിണറ്റില്‍ മൃഗങ്ങളെയും വ്യക്തികളെയും രക്ഷിക്കുന്നതിന് തൃശ്ശൂര്‍ വടക്കാഞ്ചേരി ചിറ്റിലപ്പളില് സി.ഡി.സെബാസ്റ്റ്യന്‍ നടത്തിയ അവതരണം എന്നിവയും ആകര്‍ഷകമായി.
കാര്‍ഷികമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഉണക്ക അടയ്ക്കാതോട് വളരെ വേഗത്തില്‍ നീക്കം ചെയ്യുന്ന ഉപകരണവുമായി രംഗത്തെത്തിയ കോഴിക്കോട് വിലങ്ങാട് വാഴംപ്ലാക്കല്‍ യേശുദാസും സാധാരണക്കാരായ കാണികള്‍ക്ക് വിരുന്നേകി. പച്ച അടയ്ക്കയുടെ തോടും വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന യന്ത്രവും രൂപകല്പന ചെയ്തിട്ടുണ്ടെന്നും 150 രൂപമുതല്‍ 1,300 വരെ മാര്‍ക്കറ്റില്‍ ലഭിക്കുമെന്നും അദ്ദേഹം റൂറല്‍ ഇന്നോവേറ്റേഴ്സ് മീറ്റില്‍ പറഞ്ഞു.
ഗ്രാമീണമേഖലയിലും കാര്‍ഷികവൃത്തിയിലും ചെറുകിട വ്യവസായരംഗത്തും മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന നിരവധി പ്രോജക്ടുകളും കണ്ടെത്തലുകളും റിം-2013 ന്ററണ്ടാംദിവസംഅവതരിപ്പിച്ചു.
ഇന്ന് രാവിലെ 10ന് ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച വി.എസ്.എസ്.സി. ഉപദേഷ്ടാവ് ആര്.എ.ഡി. പിള്ളയും, പാരമ്പര്യഅറിവുകളുടെ പരിരക്ഷയെ സംബന്ധിച്ച് ടി.ബി.ജി.ആര്.ഐ. മുന്‍ഡയറക്ടര്‍ ഡോ. രാജശേഖരനും പ്രഭാഷണം നടത്തും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ സമ്മാനര്‍ഹമായ ഇനങ്ങളുടെ അവതരണവും, ഓപ്പണ്‍ ഫോറവും നടക്കും.
തുടര്‍ന്ന് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.കെ.കെ. രാമചന്ദ്രന് സമ്മാനദാനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും.
ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍, ഡോ.എന്‍.കെ. ശശിധരന് പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. കണ്‍വീനര്‍ പ്രൊഫ. ബി.എം. മുസ്തഫ സ്വാഗതവും സയിന്റിഫിക്ക് ഓഫീസര്‍ ബിനുജ തോമസ് നന്ദിയും പറയും. മത്സരവിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന കണ്ടെത്തലിന് 30,000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും മൂന്നാം സ്ഥാനം 10 000 രൂപയും അടക്കം നിരവധി സമ്മാനങ്ങളും പ്രശസ്തി പത്രവും സമ്മാനിക്കും. റൂറല്‍ ഇന്നവേറ്റേഴ്സ് മീറ്റ് ഇന്നു വൈകുന്നേരവും പ്രദര്‍ശനമേളക്ക് നാളെയും സമാപനമാകും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: