ആലപ്പുഴ: വാര്‍ധക്യത്തില്‍ പരസ്പരം താങ്ങായി പുതുജീവിതം തുടങ്ങുകയാണ് സുഭദ്രയും തങ്കപ്പനും. ഭാര്യയും മക്കളും ഉപേക്ഷിച്ച തങ്കപ്പനും ഏകയായി കഴിഞ്ഞിരുന്ന സുഭദ്രയും ഇനി ജീവിതത്തില്‍ തനിച്ചല്ല. മുഹമ്മ പഞ്ചായത്ത് 14-ാം വാര്‍ഡ് തടുത്തുവെളി ലക്ഷംവീട് കോളനിയിലാണ് അപൂര്‍വമായ വിവാഹവേദിക്ക് സാക്ഷിയായത്. എഴുപത്തിമൂന്നുകാരനായ തങ്കപ്പനും അറുപത്തിയഞ്ചിലെത്തിയ സുഭദ്രയും പരസ്പരം കൈപിടിച്ച് ഒന്നായത് നാട്ടിലും ആഹ്ലാദം പരത്തി.
മകനും ഭാര്യയും ഉപേക്ഷിച്ച് തൃശൂരിലേക്ക് ചേക്കേറുകയും വീട് വില്‍ക്കുകയും ചെയ്തതോടെ തങ്കപ്പന് തെരുവിലായി. ജീവിക്കാനായി ഭാഗ്യക്കുറി കച്ചവടം നടത്തി. ഒരു പരിചയക്കാരന്റെ കടയില്‍ രണ്ട് വര്‍ഷമായി അന്തിയുറങ്ങി. അങ്ങനെയിരിക്കെയാണ് സുഹൃത്തുക്കള്‍ ഒറ്റയ്ക്ക് താമസിക്കുന്ന സുഭദ്രയെപ്പറ്റി പറഞ്ഞത്. സുഹൃത്തുക്കള്‍ തന്നെ മുന്‍കൈയെടുത്തു. ലക്ഷംവീട് കോളനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സുഭദ്രയ്ക്കും സമ്മതമായിരുന്നു.
കായിപ്പുറത്തുകാരിയായ സുഭദ്ര, ഗൗരിയുടെയും പക്കുവിന്റെയും ഇളയമകളാണ്. മൂത്ത നാലുപേരും വിവാഹിതരായി. സുഭദ്രയ്ക്ക് എന്തുകൊണ്ടോ വിവാഹം നടന്നില്ല. വൈകിയാണ് വിവാഹം നടന്നതെങ്കിലും സുഭദ്ര സന്തോഷവതിയാണ്. സഹോദരന് നടരാജനാണ് സുഭദ്രയുടെ കൈപിടിച്ച് തങ്കപ്പനെ ഏല്പിച്ചത്. വിവാഹപ്പുടവ സമ്മാനിച്ചതും സദ്യയൊരുക്കിയതും നാട്ടുകാരും ലക്ഷംവീട്ടിലെ താമസക്കാരും. ഉത്സവഛായയില്‍ നടന്ന മംഗളകര്‍മത്തില്‍ അറുപത്തിയഞ്ചോളംപേര് പങ്കെടുത്തു. വരണമാല്യം ചാര്‍ത്തി സുഭദ്രയുടെ വക ലക്ഷംവീട്ടിലേക്ക് തങ്കപ്പന് കൂടി ചേക്കേറിയതോടെ അവരുടെ അനാഥത്വത്തിന് അവസാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: