ജറുസലേം: ആഭ്യന്തര കലാപത്തിനിടയില്‍ പ്രക്ഷോഭകര്‍ രാസായുധം പ്രയോഗിച്ചുവെന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ വാദം തള്ളിക്കളയുന്നുവെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാസായുധ പ്രയോഗത്തില്‍ 31 പേര് കൊല്ലപ്പെടുകയും 100 ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സിറിയന്‍ സര്‍ക്കാര്‍ പറയുന്നത്. ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സിറിയ ഈ ആരോപണം ഉന്നയിക്കുന്നതെന്നും ഒബാമ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെത്ന്യാഹുവിനൊപ്പം ജറുസലേമില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.
സിറയയ്ക്ക് രാസായുധ പ്രയോഗം നടത്താനുള്ള ശേഷിയുണ്ടെന്ന് അറിയാമെന്നും ഒബാമ പറഞ്ഞു. ആവശ്യമെങ്കില്‍ രാസായുധം ഉപയോഗിക്കണമെന്ന് സിറിയന്‍ സര്‍ക്കാരിലെ ചിലര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയയില്‍ രാസായുധങ്ങളുടെ വന്‍ ശേഖരമുണ്ടെന്ന വസ്തുത എല്ലാവര്ക്കും അറിയാമന്നും ഒബാമ ചൂണ്ടിക്കാട്ടി.
സിറിയയെ അടുത്തറിയുന്നവര്‍ രാസായുധ പ്രയോഗം നടത്തിയെന്ന റിപ്പോര്‍ട്ട് വിശ്വസിക്കില്ലെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റ് ആസാദിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാര്‍ച്ചിലാണ് ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചത്. ആഭ്യന്തര യുദ്ധത്തില്‍ 70,000 ത്തില്‍ ഏറെ പേര് കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തോളം പേര് അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2.5 ദശലക്ഷത്തോളം പേര് പാലായനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാസായുധം പ്രയോഗിച്ചുവെന്നതിന് യാതൊരു തെളിവുമില്ലന്ന് സിറിയയിലെ അമേരിക്കന്‍ സ്ഥാനപതി റോബര്‍ട്ട് ഫോര്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: