പൊന്‍കുന്നം: എരുമേലിക്കടുത്തുനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്ററോളം വ്യാജമദ്യം ബുധനാഴ്ചരാത്രിയിലും, ഇന്നലെ രാവിലെയുമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. ഒരാളെ കൂടി പിടികിട്ടാനുമുണ്ട്.
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 850 ലിറ്റര്‍ വ്യാജമദ്യം ഇന്നലെ രാവിലെയും, 51 ലിറ്ററോളം ബുധനാഴ്ച രാത്രിയിലുമാണ് പിടിച്ചെടുത്തത്.
എരുമേലി എലിവാലിക്കര കമുകുംകുഴിയില് ഗോപിയുടെ മകന് രാജേഷിന്റെ വീട്ടില്‍ നിന്നുമാണ് ഇന്നലെ രാവിലെ എക്സ്സൈസ് സംഘം 850 ലിറ്റര്‍ വ്യജമദ്യം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഗോപിയുടെ മകന് രാജേഷ് (32), കരുനാഗപ്പള്ളി നിഷാദ് മന്‍സിലില്‍ നസീര്‍ഖാന്റെ മകന് നിസ്സാം (22) എന്നിവരെയും വീട്ടുമുറ്റത്ത് കിടന്നിരുന്ന മാരുതി സെന്കാറും കസ്റ്റഡിയില്‍ എടുത്തു. കന്നാസിലും പ്ലാസ്റ്റിക്ജാറുകളിലുമായി സൂക്ഷിച്ചിരുന്ന കളര്‍ ചേര്‍ത്ത വ്യാജമദ്യമാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി റേഞ്ച് എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി വര്‍ഗ്ഗീസും, സംഘവും നടത്തിയ പരിശോധനയില്‍ ബുധനാഴ്ച രാത്രിയില്‍ എരുമേലി എഴുകോണില്‍ നിന്നും ഓട്ടോയില്‍ രണ്ട് ചാക്കുകളില്‍ 103 കുപ്പികളിലായി കടത്തുകയായിരുന്ന 51 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തിരുന്നു. ഓട്ടോഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഓട്ടോയിലുണ്ടായിരുന്ന മുക്കൂട്ടുതറ സ്വദേശി ആന്റണി ഡിക്രൂസ് (22) എന്നയാളെ എക്സൈസ് സംഘത്തിന് പിടികൂടാനായി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച കൂടുതല്‍ തെളിവുകളാണ് ഇന്നലെ കൂടുതല്‍ ലിറ്റര്‍ വ്യജമദ്യവും പ്രതികളെയും പിടികൂടാനായത്. ഓട്ടോയില്‍ നിന്നും 314 ഹോളോഗ്രാം സ്റ്റിക്കറും മദ്യത്തിന്റെ 135 വ്യാജസ്റ്റിക്കറുകളും പിടിച്ചെടുത്തിരുന്നു. ബുധനാഴ്ച പിടിച്ചെടുത്ത 103 കുപ്പികളിലും വ്യാജ സ്റ്റിക്കറുകള്‍ പതിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സബിന്‍, കെ.എന്‍ വിജയന്, പി.ജി ഏബ്രഹാം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എന്‍ സുരേഷ്കുമാര്‍, റജിമോന്‍, ഷെഫീഖ്, ദീപു, വി.ആര് വിനോദ്, നവാസ്, ഷാനവാസ് എന്നിവരാണ് വ്യാജമദ്യശേഖരവും പ്രതികളെയും പിടികൂടിയത്. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: