വാഷിംഗ്ടണ്‍: ഭീകരതക്കെതിരെ അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യം നടത്തിയ ദൗത്യം പൂര്‍ണമല്ലെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യ. അന്താരാഷ്ട്രസമൂഹം ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രയത്നങ്ങള്‍ നടത്തിയിട്ടും അഫ്ഗാനിസ്ഥാന് ഇപ്പോഴും ഭീകരരില്‍ നിന്ന് നിലനില്‍പ്പ് ഭീഷണി നേരിടുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അല്‍ ഖ്വയ്ദ, താലിബാന്, ലഷ്ക്കറെ തോയിബ തുടങ്ങിയ ഭീകരസംഘടനകളെ ഒറ്റപ്പെടുത്തുകയും വേരോടെ പിഴുതെറിയുകയും ചെയ്യേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി മഞ്ചീവ് പുരി പറഞ്ഞു. അഫ്ഗാന് അതിര്‍ത്തികളില്‍ ഈ ഭീകരസംഘടനകള്‍ സുരക്ഷിതതാവളമൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരാക്രമണങ്ങള്‍ക്കും സംഘടനകള്‍ക്കും അഫ്ഗാനിസ്ഥാനില്‍ ഇനിയും കുറവുണ്ടായിട്ടില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി. അഫ്ഗാനിസ്ഥാനില്‍നിന്ന് നാറ്റോ സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനിലെ ദൗത്യം പൂര്‍ത്തിയായെന്ന പ്രഖ്യാപനവുമായി നാറ്റോ സൈന്യം പിന്‍വാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ രാജ്യത്ത് നിന്ന് പിന്മാറാമെന്ന നിലപാട് ഭീകരസംഘനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മഞ്ചീവ് പുരി ഇന്ത്യയുടെ നിലപാടുകള്‍ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥ മേഖലയേയും ലോകസുരക്ഷയേയും ബാധിക്കുന്നതാണെന്നും പുരി പറഞ്ഞു.
2014 ല്‍ അഫ്ഗാനിസ്ഥാന് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത സമീപനങ്ങളും രാഷ്ട്രീയപ്രേരിതമായ നിലപാടുകളും ലഘൂകരിക്കാനാകാത്ത ദുരന്തങ്ങളിലേക്കായിരിക്കും നയിക്കുക എന്നും പുരി ഓര്‍മ്മിപ്പിച്ചു. അഫ്ഗാനിസ്ഥാന് നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങളായ സുരക്ഷ, സാമ്പത്തിക പുനര്‍നിര്‍മ്മാണം തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ വിവധമേഖലകളില്‍ നിന്നുള്ള സമീപനമാണ് വേണ്ടതെന്ന് പാക്കിസ്ഥാന്റെ സുരക്ഷാകൗണ്‍സില്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ബ്രിട്ടണ്, അഫ്ഗാനിസ്ഥാന് ,പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടികള്‍ ഏറെ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, നയതന്ത്രമേഖലയില്‍നിന്ന് ഉടന്‍ നാറ്റോ സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാനും അമേരിക്കയും കരാറിലെത്തി. താലിബാന്റെ ശക്തികേന്ദ്രമെന്ന് കരുതുന്ന വാര്ഡാക്കില് നിന്ന് സൈന്യം പിന്മാറണമെന്ന് അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ഭീകരരെ തുരത്താനായി സൈന്യം നടത്തുന്ന ആക്രമണത്തില്‍ പ്രദേശവാസികള്‍ കൊല ചെയ്യപ്പെടുകയും ഇവരുടെ വീടുകള്‍ തകരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രദേശം വിടാന്‍ നാറ്റോയ്ക്ക് കര്‍സായി അന്ത്യശാസനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: