ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചെങ്കിലും വാഹന, ഭവന വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പ്രതീക്ഷയ്ക്ക് തത്കാലം വകയില്ല. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ കാല് ശതമാനം കുറവ് വരുത്തിയതിന്റെ പ്രയോജനം ബാങ്ക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കേണ്ടതില്ലെന്ന നിലപാടാണ് പ്രമുഖ ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ളത്.
റിപ്പോ നിരക്കുകള്‍ കുറച്ചത് വായ്പയേയും ഡെപ്പോസിറ്റ് നിരക്കുകളേയും യാതൊരു വിധത്തിലും സ്വാധീനിക്കില്ലെന്നും അതിനാല്‍ തന്നെ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധ്യത കാണുന്നില്ലെന്നും പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രദീപ് ചൗധരി അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ ബാങ്കുകളും സാധാരണ ഗതിയില്‍ വായ്പാ നിരക്കുകളില്‍ കുറവ് വരുത്താറുണ്ട്. ജനുവരിയില്‍ നടന്ന ധനവായ്പാ നയ അവലോകനത്തിലും മുഖ്യവായ്പാ നിരക്കുകളില്‍ ആര്‍ബിഐ കാല് ശതമാനം കുറവ് വരുത്തിയിരുന്നു. എന്നാല്‍ അന്നും പല ബാങ്കുകളും വായ്പാ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ വിമുഖതയാണ് പ്രകടിപ്പിച്ചത്.
എസ്ബിഐയുടെ അതേ നിലപാടാണ് ഐഡിബിഐ ബാങ്കും സ്വീകരിച്ചിരിക്കുന്നത്. നിരക്ക് കുറച്ചതിന്റെ ഗുണം ഉപഭോക്താക്കളിലേക്കും കൈമാറാന്‍ ഐഡിബിഐയും തയ്യാറല്ല. ഡെപ്പോസിറ്റ് നിരക്കുകള്‍ കുറയ്ക്കാതെ വായ്പാ നിരക്കുകളില്‍ കുറവ് വരുത്തുക സാധ്യമല്ലെന്ന് ബാങ്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: